വിവരാവകാശ കമ്മീഷന്‍ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു: ശുപാര്‍ശ മാത്രമാണ് നല്‍കിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍

  വിന്‍സന്‍ എം പോള്‍, വിജിലന്‍സ് ഡയറക്ടര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി എസ് അച്ചുതാനന്ദന് vincent m paul, vigilene director, umman chandy, vs achuthanathan
കൊച്ചി| rahul balan| Last Updated: ബുധന്‍, 2 മാര്‍ച്ച് 2016 (15:44 IST)
മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. മറ്റ് അഞ്ച് പേരുടെ നിയമനംവും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കേസ് തീര്‍പ്പാക്കുംവരെ തല്‍സ്ഥിതി തുടരാനും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍ നിയമനം നടത്തിയിട്ടില്ലെന്നും ശുപാര്‍ശ നല്‍കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങിയ സമിതിയാണ് വിന്‍സന്‍ എം പോളിനെ നിര്‍ദ്ദേശിച്ചത്. പ്രതിപക്ഷ നേതാവിന്റെ വിയോചനക്കുറിപ്പൊടെയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. വിവരാവകാശ കമ്മീഷണറായി നിയമനത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. അങ്കത്തില്‍ അജയകുമാര്‍, എബി കുര്യാക്കോസ്, പി.ആര്‍.ദേവദാസ്, റോയിസ് ചിറയില്‍, കെ.പി.അബ്ദുള്‍ മജീദ് എന്നിവരുടെ നിയമനവും ഹൈക്കോടതി തടഞ്ഞു.

ബാര്‍ കോഴ കേസ് പരിഗിണിച്ച വിജിലന്‍സ് കോടതി വിന്‍സന്‍ എം പോളിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് വിന്‍സന്‍ എം പോള്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ബാര്‍ കോഴ കേസിന് സര്‍ക്കാര്‍ നല്‍കിയ പ്രതിഫലമാണ് മുഖ്യ വിവരാവകാശ കമ്മീഷണറായുള്ള നിയമനം എന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :