വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് പാരിസ്ഥിതികാനുമതി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് പരിസ്ഥിതി സമിതിയുടെ അനുമതി. തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന് 17 ഉപാധികളോടെ അനുമതി നല്‍കാന്‍ വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനില്‍ റസ്ദാന്‍ അധ്യക്ഷനായ വിദഗ്‌ധസമിതി ശുപാര്‍ശ ചെയ്തു. പദ്ധതികൊണ്ട് ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും പൂര്‍ണമായി വിലയിരുത്തിയശേഷമാണ് ശുപാര്‍ശ.
പരിസ്ഥിതി പ്രത്യാഘാതം വിലയിരുത്തി തുറമുഖ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് വിദഗ്‌ധവിലയിരുത്തല്‍ സമിതി സപ്തംബറിലാണ് പരിശോധിക്കാന്‍ തുടങ്ങിയത്. 4000 പേജുള്ളതാണ് പ്രത്യാഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ട്. 4010 കോടിരൂപയോളം ചെലവുവരുന്ന പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
വിഴിഞ്ഞത്തെ ടൂറിസം, മത്സ്യബന്ധനം, കടല്‍ത്തീരം തുടങ്ങിയവയെ തുറമുഖം എങ്ങനെ ബാധിക്കുമെന്നും അതിന്റെ പരിഹാരങ്ങളും വിദഗ്‌ധസമിതി വിലയിരുത്തി. പരിസ്ഥിതി അനുമതി ലഭിക്കുംമുമ്പേ പദ്ധതിപ്രദേശത്ത് ഒരു റോഡ് ഉണ്ടാക്കിയത് വിവാദമായിരുന്നു. തുടര്‍ന്ന് കേരള സര്‍ക്കാര്‍ ക്ഷമാപണം നടത്തി. നിര്‍ദിഷ്ടതുറമുഖത്തേക്കുള്ള 600 മീറ്റര്‍ ദൂരം വരുന്ന അപ്രോച്ച് റോഡായിരുന്നു ഇത്. തീരദേശനിയന്ത്രണനിയമപ്രകാരം ഇതിന് അനുമതി വേണ്ടിയിരുന്നു. എന്നാല്‍ 'ഇത് മുന്‍സര്‍ക്കാറിന് സംഭവിച്ച ഒരു പിഴ'യായാണ് വിശദീകരിച്ചത്.
തീരദേശ നിയമലംഘനം തെളിഞ്ഞാല്‍ പദ്ധതിയുടെ അനുമതി പരിഗണിക്കുന്നത് അറുപത് ദിവസത്തേക്ക് നീട്ടിവെക്കാം. ഇത് മനസ്സിലാക്കിയ സര്‍ക്കാര്‍ കഴിഞ്ഞദിവസം അടിയന്തരമായി തുറമുഖ കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്ന് റോഡുവെട്ടിയതിന് മാപ്പുചോദിക്കുന്ന പ്രമേയം പാസ്സാക്കിയിരുന്നു. നിയമലംഘനമുണ്ടായാല്‍ അതില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഇതുസംബന്ധിച്ച നിയമത്തില്‍ വകുപ്പുണ്ട്. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ പ്രയോജനപ്പെടുത്തിയത്.