കേരള ടൂറിസം വകുപ്പ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ജപ്പാനില്‍ റോഡ് ഷോ നടത്തുന്നു. ജപ്പാനുമായുള്ള വിമാന കണക്‌ടിവിറ്റി ഗണ്യമായി മെച്ചപ്പെട്ടതും വിസ ഓണ്‍ അറൈവല്‍ പോലുള്ള സൗകര്യങ്ങളും പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.
ഇതിനായി ടോക്കിയോയില്‍ കേരള ടൂറിസം വകുപ്പ്, ജാറ്റ ടൂറിസം ഫോറം ആന്‍ഡ് ട്രാവല്‍ ഷോക്കേസ് എന്ന പരിപാടി തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം അറിയിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം ആയുര്‍വേദം ഉള്‍പ്പെടെയുള്ള ഉത്‌പന്നങ്ങളും ഇതില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ജാറ്റ ടൂറിസം ഫോറം ആന്‍ഡ് ട്രാവല്‍ ഷോക്കേസിന്റെ ഭാഗമായി ജപ്പാനില്‍ റോഡ് ഷോയും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും സഞ്ചാര എഴുത്തുകാര്‍ക്കുമായി കേരളത്തെ കൂടുതല്‍ അടുത്തറിയാന്‍ ഉതകുന്ന പ്രത്യേക യാത്രകളും നടത്തുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ ജപ്പാന്‍ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സൗകര്യം ലഭിക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെ ജാപ്പനീസ് സഞ്ചാരികളുടെ എണ്ണത്തില്‍ 60 ശതമാനം വളര്‍ച്ചയാണുള്ളത്.