ഒ വി വിജയന്റെ പ്രതിമക്ക് വിലക്ക് കല്‍പ്പിച്ച മുസ്ലിം ലീഗ് തീരുമാനം വിദ്യാഭ്യാസമന്ത്രി ഇടപെട്ട് നീക്കി. കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒ വി വിജയന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുമതി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് വ്യക്തമാക്കി. വിജയന്‍ പഠിച്ച സ്കൂളില്‍ പ്രതിമ സ്ഥാപിക്കുന്നത് മുസ്ലിം ലീഗ് ഭരിക്കുന്ന കോട്ടക്കല്‍ നഗരസഭ വിലക്കിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ക്കിന്റെ ഉദ്ഘാടനച്ചടങ്ങ് മാറ്റിവെച്ചിരുന്നു.
പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ വിശ്വസാഹിത്യകാരന്റെ പേരില്‍ സ്മൃതിവനവും പ്രതിമയും നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാസന്ദര്‍ഭവുമായി കൂട്ടിയിണക്കിയാണ് ശില്‍പി ഇന്ത്യനൂര്‍ ബാലകൃഷ്ണന്‍ ഒ വി വിജയനും പൂച്ചയും പുസ്തകവും ചേര്‍ത്തുള്ള പ്രതിമ നിര്‍മ്മിച്ചത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി വാങ്ങിയില്ലെന്ന് കാണിച്ച് നഗരസഭ പ്രതിമ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക എതിര്‍പ്പുണ്ടായി. സംഭവം വിവാദമായതോടെ നഗരസഭ നിലപാടില്‍ നിന്ന് പിന്‍വാങ്ങി. നിര്‍മ്മാണത്തിന് അനുമതിയുണ്ടോയെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നാണ് നഗരസഭയുടെ വിശദീകരണം.