വിന്‍ഡോ പീരിയഡില്‍ എച്ച്‌ഐവി ബാധ കണ്ടെത്താന്‍ കഴിയില്ല

രക്‌തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്‌| WEBDUNIA|
PRO
PRO
രക്‌തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധ ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. രക്‌തദാനം ചെയ്യാനെത്തുന്നവരില്‍നിന്നു രക്‌തം സ്വീകരിക്കുന്നത് വിവിധ തലങ്ങളിലുള്ള പരിശോധനയ്ക്കു ശേഷമാണ്‌. രോഗസാധ്യതയുള്ളവരെ ആദ്യമേ തന്നെ ഒഴിവാക്കും. പിന്നീട്‌ ഡോക്ടറുടെ പരിശോധനയും കഴിഞ്ഞാണ്‌ രക്‌തമെടുക്കുന്നതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട്‌ ഡോ എം കെ രവീന്ദ്രന്‍ പറഞ്ഞു.

അതേസമയം, എച്ച്‌ഐവിയുടെ തുടക്കത്തില്‍ രോഗാണുബാധ എലിസ ടെസ്റ്റിലൂടെ തിരിച്ചറിയാന്‍ കഴിയാത്ത വിന്‍ഡോ പീരിയഡില്‍ ഉള്ളവരുടെ രക്‌തം കടന്നുകൂടുന്നതിനുള്ള വളരെ വിരളമായ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള ടെസ്റ്റ്‌ വളരെ ചെലവേറിയതാണ്‌. ഇന്ത്യയില്‍ രക്‌തപരിശോധനയുടെ ഭാഗമായി ഇതു നിഷ്കര്‍ഷിച്ചിട്ടില്ലെന്നും ഡോ രവീന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച എട്ടുവയസുകാരിക്ക് എച്ച് ഐ വി ബാധ ഉണ്ടായത്. ജില്ല ആരോഗ്യവകുപ്പ് അധികൃതരാണ് പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതായി സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ്, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നാണ് പെണ്‍കുട്ടി രക്തം സ്വീകരിച്ചത്.

തല്‍സീമിയ രോഗ ബാധിതയായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ്, മാനന്തവാടി ജില്ലാ ആശുപത്രികളില്‍ നിന്ന് കഴിഞ്ഞ ആറു വര്‍ഷമായി ചികിത്സ നേടി വരികയായിരുന്നു. എട്ടുമാസം മുമ്പ് കയ്യില്‍ ചൊറിച്ചില്‍ സ്ഥിരമായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്.

അതേസമയം, കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എച്ച്‌ഐവി ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. എച്ച് ഐ വി ബാധയുള്ള കാര്യം കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെ രഹസ്യമായി വച്ചിരിക്കുകയാണ്. കണ്ണൂരിലെ ചില യുവജന സംഘടനകളാണ് വിവരം പുറത്ത് കൊണ്ടു വന്നത്. തുടര്‍ന്ന് ഇവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഉപരോധം നടത്തിയിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പ്രതികരിച്ചു. ആരോഗ്യ വകുപ്പിനോട് സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന് അനുസൃതമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :