തിരുവനന്തപുരം|
rahul balan|
Last Modified ഞായര്‍, 13 മാര്‍ച്ച് 2016 (02:55 IST)
വി എസ് അച്യുതാനന്ദന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം. വി എസ് മത്സരിക്കണെമെന്ന സി പി എം പോളിറ്റ് ബ്യൂറോയുടെ തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റ് ഐക്യകണ്‌ഠേനയാണ് അംഗീകരിച്ചത്. മലമ്പുഴയിൽ തന്നെ വി എസ് മൽസരിക്കാനാണ് സാധ്യത. പിണറായി ധര്‍മ്മടത്തുനിന്നാകും ജനവിധി തേടുന്നത്.
അതേസമയം, പാലക്കാട് ജില്ല കമ്മറ്റി സമർപ്പിച്ച സി പി എം സ്ഥാനാർഥി പട്ടികയിൽ വി എസിന്റെ പേരില്ലായിരുന്നു. വി എസിനു പകരം മലമ്പുഴയിൽ സി ഐ ടിയു നേതാവ് എ പ്രഭാകരന്റെ പേരാണ് ജില്ലാഘടകം നിർദേശിച്ചത്. മണ്ഡലത്തിലെ വി എസിന്റെ ചുമതലക്കാരനായിരുന്നു എ പ്രഭാകരൻ.
മലമ്പുഴ ഒഴിച്ച് പാലക്കാട് ജില്ലയിലെ എട്ട് മണ്ഡലങ്ങളിലെ സി പി എം സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക തയാറായി എന്നായിരുന്നു പ്രചാരണം. പാലക്കാട് ഒഴിച്ചിട്ടിരിക്കുന്നത് ചിറ്റൂർ മണ്ഡലം മാത്രമാണ്. കഴിഞ്ഞ തവണ സി പി എം മൽസരിച്ച മണ്ഡലമാണ് ചിറ്റൂർ. ഇത് ഇത്തവണ ജനതാദൾ എസിനു നൽകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
സി പി എം സെക്രട്ടേറിയേറ്റില്‍ നിന്ന് ആറു പേരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. പിണറായി വിജയന്‍ (ധര്‍മടം), തോമസ് ഐസക്ക് (ആലപ്പുഴ), ഇ പി ജയരാജന്‍ (മട്ടന്നൂര്‍), എ കെ ബാലന്‍ (തരൂര്‍), ടി പി രാമകൃഷ്ണന്‍ (പേരാമ്പ്ര), എം എം മണി (ഉടുമ്പന്‍ചോല) എന്നിവര്‍ മത്സരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പട്ടിക അവതരിപ്പിച്ചു.
സെക്രട്ടേറിയേറ്റ് തീരുമാനം ഞായറാഴ്ച ചേരുന്ന സംസ്ഥാനകമ്മിറ്റി അംഗീകരിച്ചാല്‍ മാത്രമേ ഔദ്യോഗികമായി വി എസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയുള്ളൂ.