കൊല്ലം|
Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (19:51 IST)
ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് എ കെ ആന്‍റണി. വി എസും പിണറായിയും കോടിയേരിയും ഒരുമിച്ചു നിന്നാലും പൂട്ടിയ ബാറുകള്‍ പൂട്ടിത്തന്നെ കിടക്കുമെന്ന് ആന്‍റണി. അധികാരത്തിന്റെ നാലയലത്തുപോലും ഇരിക്കാനുള്ള ഗുണനിലവാരമില്ലാത്ത അവസരവാദ രാഷ്ട്രീയത്തിന്‍റെ വക്താക്കളാണ് ഇടതുമുന്നണിയെന്നും ആന്‍റണി പറഞ്ഞു.
എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന രീതിയിലാണ് അവരുടെ പ്രസ്താവനകള്‍. വി എസും പിണറായിയും കോടിയേരിയും ഒരുമിച്ചു നിന്നാലും പൂട്ടിയ ബാറുകള്‍ പൂട്ടിത്തന്നെ കിടക്കും. പണ്ട് ചാരായനിരോധനം മാറ്റുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്നിട്ട് ശീര്‍ഷാസനം നിന്നിട്ടും അത് നടപ്പാക്കാന്‍ പറ്റിയിട്ടില്ല. അധികാരം കിട്ടാനായി ആരുമായും ബന്ധം സ്ഥാപിക്കാന്‍ മടിയില്ലാത്തവരാണ് എല്‍ഡിഎഫെന്ന് അവര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ് - ആന്‍റണി പറഞ്ഞു.
ഇടതുമുന്നണിക്ക് മുന്നില്‍ യു ഡി എഫിന് തലകുനിക്കുകയോ അപകര്‍ഷതാബോധം തോന്നുകയോ ചെയ്യേണ്ട കാര്യമില്ല. തമ്മില്‍ ഭേദം തൊമ്മന്‍ എന്നു പറയുന്നതുപോലെ എല്‍ഡിഎഫിനേക്കാള്‍ ആയിരം മടങ്ങ് കേമന്‍മാരാണ് യു ഡി എഫ്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ യുഡിഎഫ് വിജയിക്കുമെന്നും ആന്‍റണി പറഞ്ഞു.
യുഡിഎഫിനെ വിജയിപ്പിച്ച് ഭരണത്തുടര്‍ച്ചയുണ്ടാക്കി സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടുമുള്ള കോണ്‍ഗ്രസുകാരുടെ കൂറു തെളിയിക്കണം. കൊല്ലത്ത് തോപ്പില്‍ രവി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ കെ ആന്‍റണി.