പി ജയരാജനെ ആഭ്യന്തരമന്ത്രിയാക്കിയത് പോട്ടെ, വി എസിന്‍റെ തലവെട്ടിയതെന്തിന്?

VS, Pinarayi, Jayarajan, Kannur, Comrade, Communist, വി എസ്, പിണറായി, ജയരാജന്‍, കണ്ണൂര്‍, സഖാവ്, കമ്യൂണിസ്റ്റ്
കാണി| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (14:52 IST)
കണ്ണൂര്‍ അമ്പാടിമുക്കിലെ സഖാക്കള്‍ അല്‍പ്പം ഫലിതപ്രിയരാണ്. ഇടയ്ക്കിടെ രസകരമായ ഫ്ലക്സുകള്‍ വച്ച് അവര്‍ ആദ്യം അമ്പാടിമുക്കുകാരെ ഞെട്ടിക്കും. പിന്നീടത് കണ്ണൂര്‍ ജില്ലയിലാകെ പാട്ടാകും. ഒടുവില്‍ സംസ്ഥാനം മുഴുവന്‍ സംസാരവിഷയമാകും.

പിണറായി വിജയനെ അര്‍ജ്ജുനനും പി ജയരാജനെ ശ്രീകൃഷ്ണനുമായി ചിത്രീകരിച്ച് ഫ്ലക്സടിച്ച് ആഗോളപ്രശസ്തരായ അമ്പാടിമുക്ക് സഖാക്കളുടെ പുതിയ റിലീസ് കഴിഞ്ഞ ദിവസമുണ്ടായി. ‘ആഭ്യന്തരമന്ത്രി പി ജയരാജന്‍’ പൊലീസില്‍ നിന്ന് സല്യൂട്ട് സ്വീകരിക്കുന്നതായിരുന്നു ഫ്ലക്സ്. ‘ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തരമന്ത്രി’ എന്നായിരുന്നു തലക്കെട്ട്.

പിണറായി മുഖ്യമന്ത്രിയായാല്‍ പി ജയരാജന്‍ തന്നെയായിരിക്കണം ആഭ്യന്തരമന്ത്രിയെന്ന് അമ്പാടിമുക്ക് സഖാക്കള്‍ക്ക് നിര്‍ബന്ധമുണ്ട്. ശ്രീകൃഷ്ണനും ആഭ്യന്തരമന്ത്രിയുമൊക്കെയായി ചിത്രീകരിക്കാന്‍ സി പി എമ്മില്‍ പി ജയരാജനോളം തലപ്പൊക്കം വേറെയാര്‍ക്കുമില്ല എന്ന തീര്‍ച്ച അവര്‍ക്ക് ഉള്ളതുകൊണ്ടാണത്.

അതൊക്കെ പോട്ടെ, അത് സഖാക്കള്‍ടെ സ്വാതന്ത്ര്യം. എന്നാല്‍ ഫ്ലക്സ് വയ്ക്കാന്‍ ചിത്രം തിരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം ഔചിത്യമൊക്കെ വേണ്ടേ സഖാക്കളേ എന്ന് ആരും ചോദിച്ചുപോകുന്ന ഒരു ഫ്ലക്സാണ് ഇവര്‍ സ്ഥാപിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രിയായി പി ജയരാജന്‍ സല്യൂട്ട് സ്വീകരിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ സാക്ഷാല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സല്യൂട്ട് സ്വീകരിക്കുന്നതിന്‍റെ ചിത്രം ദുരുപയോഗം ചെയ്തതാണ്. വി എസിന്‍റെ തലവെട്ടി പകരം പി ജയരാജന്‍റെ തലവച്ചു, ഈസി കാര്യം അല്ലേ?

എന്നാലും ഇത് കുറച്ചുകടന്നുപോയി എന്നാണ് സി പി എമ്മില്‍ തന്നെ ഉയരുന്ന അഭിപ്രായം. പി ജയരാജന്‍റെ ഫ്ലക്സ് വച്ചോട്ടെ. പക്ഷേ അത് ആദരണീയനായ വി എസിന്‍റെ തല വെട്ടിയിട്ട് വേണമായിരുന്നോ? എന്തായാലും അമ്പാടിമുക്കിലെ സഖാക്കളുടെ അടുത്ത ഫ്ലക്സിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :