വി എസിനെ മാറ്റരുത്: പി സി ജോര്‍ജ്

തിരുവനന്തപുരം| WEBDUNIA|
PRO
വി എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റരുതെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. വ്യക്തിപരമായി വി എസ് നല്ലയാളാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. വി എസിനെ മാറ്റാന്‍ സി പി എം തീരുമാനിച്ച വാര്‍ത്ത നിയമസഭയില്‍ ചര്‍ച്ചയായപ്പോള്‍ അതില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജോര്‍ജ്ജ്.

വി എസിനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റാന്‍ സി പി എം തീരുമാനിച്ച കാര്യം ബെന്നി ബഹനാനാണ് സഭയില്‍ അവതരിപ്പിച്ചത്. അതില്‍ പങ്കെടുത്തുസംസാരിച്ച പി സി ജോര്‍ജ്ജ് വി എസിനെ അനുകൂലിച്ച് സംസാരിച്ചു.

വി എസ് നല്ലയാളാണ്. അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റരുത്. അഞ്ചുവര്‍ഷക്കാലം അദ്ദേഹം ആ കസേരയില്‍ ഉണ്ടാവണമെന്നാണ് ആഗ്രഹം. ആ കസേര പലരും ആഗ്രഹിക്കുന്നുണ്ടെന്നറിയാം. എന്നാല്‍ അദ്ദേഹത്തെ മാറ്റാന്‍ ജനങ്ങള്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല. വി എസിനെ മാറ്റാനുള്ള സി പി എം സംസ്ഥാന സമിതിയുടെ തീരുമാനം കേന്ദ്രക്കമ്മിറ്റിയോ പി ബിയോ അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.

എന്നാല്‍ വെറും പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ ചര്‍ച്ച നടത്തുന്നത് അര്‍ത്ഥശൂന്യമാണെന്ന് എം എ ബേബി പറഞ്ഞു. പക്ഷേ വി എസിനെ മാറ്റണമെന്ന് സി പി എം തീരുമാനമെടുത്ത കാര്യം നിഷേധിക്കാന്‍ പ്രതിപക്ഷത്തുനിന്ന് ആരും തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. വി എസും ചര്‍ച്ചയിലുടനീളം മൌനം പാലിക്കുകയായിരുന്നു.

2013ലെ സഹകരണ ഭേദഗതി ബില്ലിന്‍‌മേല്‍ വിയോജനക്കുറിപ്പു രേഖപ്പെടുത്തി ജി സുധാകരന്‍ ഒരുമണിക്കൂറോളം പ്രസംഗിച്ചതാണ് ഇന്നത്തെ മറ്റൊരു പ്രത്യേകത. ഭരണ പ്രതിപക്ഷഭേദമന്യേ ഏവരും ആസ്വദിച്ച പ്രസംഗത്തെ മന്ത്രി കെ എം മാണി അഭിനന്ദിക്കുകയും ചെയ്തു. വനിതാ സംരക്ഷണ ബില്ലും ഇന്ന് അവതരിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :