വാളകം സംഭവം അപകടമല്ലെന്ന് സിബിഐ; ഗണേഷ് കുമാറിന്റെ രണ്ട് പി‌എമാര്‍ക്കും നുണപരിശോധന

തിരുവനന്തപുരം| WEBDUNIA|
PRO
വാളകം ആര്‍വിഎച്ച്എസ്എസിലെ അദ്ധ്യാപകന്‍ കൃഷ്ണകുമാറിന് ഗുരുതരമായി പരിക്കേറ്റത് അപകടത്തില്‍ അല്ലെന്ന് സിബിഐയുടെ നിഗമനം. അപകടമല്ലെന്നും കരുതിക്കൂട്ടി നടത്തിയ ആക്രമണമാണെന്നും സ്ഥിരീകരിച്ചു.

സംഭവത്തില്‍ വാളകം സ്‌കൂളിലെ അഞ്ച് അധ്യാപകരും കെബി ഗണേഷ്‌കുമാറിന്റെ രണ്ട് പിഎമാരും സമീപവാസിയായ ജ്യോത്സനും ഉള്‍പ്പെടെ 11 പേരെ നുണ പരിശോധനയ്ക്ക് വിധേമാക്കാന്‍ സിബിഐ തീരുമാനിച്ചു.

അധ്യപകന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയ സിബിഐ സംഘം അധ്യാപകന് സ്ഥിരമായ മറവി രോഗമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. എസ്‌ഐടിയിലെ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.

മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരാണ് കൃഷ്ണകുമാറും ഭാര്യ ഗീതയും. 2011 സെപ്തംബര്‍ 27ന് രാത്രി പത്തു മണിയോടെയാണ് എംസി റോഡില്‍ എംഎല്‍എ ജംഗ്ഷനില്‍ കൃഷ്ണകുമാറിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് കേസ് സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ എഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :