വനിതാ ട്രാഫിക് വാര്‍ഡനെ ആക്രമിച്ച കേസിലെ പ്രതി ഹാജരായി

കൊച്ചി| WEBDUNIA|
PRO
കൊച്ചിയില്‍ വനിതാ ട്രാഫിക് വാര്‍ഡനെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കേസിലെ പ്രതിയായ വിനോഷ് വര്‍ഗീസാണ്(27) ഹാജരായത്. കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് വിനേഷ് ഹാജരായത്. പ്രതിയുടെ ചിത്രമെടുക്കാനും വിവരങ്ങള്‍ അറിയാനും ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ തടയാന്‍ പൊലീസ് ശ്രമം നടത്തിയതായി വിവരമുണ്ട്. മുന്‍‌കൂര്‍ ജാമ്യവ്യവസ്ഥ പ്രകാരമാണ് പ്രതി കേസ് അന്വേഷിക്കുന്ന നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ് ഐക്ക് മുന്നില്‍ ഹാജരായത്. മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കണമെങ്കില്‍ ആദ്യം പൊലീസിന് മുന്നില്‍ ഹാജരാകണമെന്നും 5000 രൂപ കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി.

നവംബര്‍ രണ്ടാം തീയതിയാണ് കൊച്ചിയില്‍ വനിതാ ട്രാഫിക് പൊലീസ് വാര്‍ഡന്‍ പട്ടാപ്പകല്‍ നടുറോഡില്‍ ആക്രമിക്കപ്പെട്ടത്. 20 ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസിന്‍റെ അനാസ്ഥയാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന് ബുധനാഴ്ച എറണാകുളം പ്രസ് ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആക്രമണത്തിനിരയായ ട്രാഫിക് വാര്‍ഡന്‍ പത്മിനി ആരോപിച്ചിരുന്നു.

കലൂരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് കൈയേറ്റത്തിനും അപമര്യാദ നിറഞ്ഞ പെരുമാറ്റത്തിനും പത്മിനി ഇരയായത്. സംഭവത്തില്‍ തന്നെ മാനസികമായി പീഡിപ്പിച്ച് കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമം പൊലീസ് നടത്തുന്നതായി പത്മിനി ആരോപിച്ചിരുന്നു. ഐജിക്കും മനുഷ്യാവകാശ കമീഷനും പട്ടികജാതി ക്ഷേമ കോര്‍പറേഷനും പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും പത്മിനി അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :