ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രചാരണത്തിന് എസ്.എം.എസ് ദുരുപയോഗം അരുത്

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 18 മാര്‍ച്ച് 2014 (15:53 IST)
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എസ്.എം.എസ് സംവിധാനം ദുരുപയോഗം ചെയ്താല്‍ നടപടിക്ക് വിധേയമാവും. തിരഞ്ഞെടുപ്പ് വേളയില്‍ സ്ഥാപിത താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള എസ്.എം.എസ് പ്രവാഹം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് ചട്ട ലംഘനം, പെരുമാറ്റച്ചട്ട ലംഘനം എന്നിവയുണ്ടാവുന്നു എന്നതും സ്വസ്ഥവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പിന് ഭംഗം വരുമെന്നതും കണക്കിലെടുത്താണ് എസ്.എം.എസ്-ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചട്ടവിരുദ്ധമായ എസ്.എം.എസ് ലഭിക്കുന്ന നമ്പരും ഏതുനമ്പരില്‍ നിന്നാണോ എസ്.എം.എസ് ലഭിച്ചത് ആ നമ്പരും അയച്ചുകൊടുക്കാന്‍ പോലീസ് അധികാരികള്‍ സംവിധാനം ചെയ്യണം. ഇത്തരം എസ്.എം.എസ് ഫോര്‍വേഡ് ചെയ്യേണ്ടത് ഏത് നമ്പരിലേക്കാണെന്ന് ബന്ധപ്പെട്ട പോലീസ് അധികാരികള്‍ അറിയിപ്പ് നല്‍കണം.

പ്രചാരണ ഭാഗമായി പരാതികളായി ലഭിക്കുന്ന എസ്.എം.എസില്‍ ചട്ട ലംഘനം ബോധ്യപ്പെട്ടാല്‍ പീനല്‍കോഡ്, ജനപ്രാതിനിധ്യനിയമം, തിരഞ്ഞെടുപ്പ് നിയമം എന്നിവ അടിസ്ഥാനമാക്കി നടപടിയെടുക്കും. കൂട്ടമായി (ബള്‍ക്ക്) എസ്.എം.എസ് നല്‍കുന്നതായി പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ റിട്ടേണിംഗ് ഓഫീസര്‍, ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് ആ വിവരം ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്താം.

സേവന ദാതാവില്‍ നിന്നും ഇതിന് ചെലവായ തുക സംബന്ധിച്ച വിശദവിവരം ശേഖരിച്ച് സ്ഥാനാര്‍ത്ഥിയുടെ/സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്താന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നടപടി സ്വീകരിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള കൂട്ട എസ്.എം.എസുകള്‍ക്ക് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :