തിരുവനന്തപുരം|
Joys Joy|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (12:01 IST)
ദേശീയഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച ‘ലാലിസം’ പരിപാടിക്ക് നടന്‍ മോഹന്‍ ലാല്‍ വാങ്ങിയ തുക തിരിച്ചു വാങ്ങണമോ വേണ്ടയോ എന്ന കാര്യത്തില്‍ ബുധനാഴ്ച തീരുമാനം കൈക്കൊള്ളും. കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചതാണ് ഇക്കാര്യം. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുകയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പരിപാടിക്ക് എതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ വാങ്ങിയ പണം തിരിച്ചു നല്കുമെന്ന് മോഹന്‍ ലാല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, മോഹന്‍ ലാലില്‍ നിന്ന് തുക തിരിച്ചുവാങ്ങുന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമാണ് ഭരണപക്ഷ എം എല്‍ എമാര്‍ക്കുള്ളത്. ദേശീയഗെയിംസില്‍ പാളിയത് സംഘാടനം തന്നെയാണെന്നാണ് ചില ഭരണപക്ഷ എം എല്‍ എമാരുടെ നിലപാട്.
അതുകൊണ്ടു തന്നെ മോഹന്‍ ലാലിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നാണ് ഇവരുടെ പക്ഷം. ഇതിനിടെ, പണം തിരിച്ചു വാങ്ങുന്ന കാര്യത്തില്‍ താന്‍ ഇടപെടില്ലെന്ന് സെറിമണി കമ്മിറ്റി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി കഴിഞ്ഞു.
‘ലാലിസം’ പരിപാടിക്കെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആയിരുന്നു പരിപാടിക്കായി വാങ്ങിയ പണം തിരിച്ചു നല്കാന്‍ മോഹന്‍ ലാല്‍ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ ‘ലാലിസം’ പരിപാടിയെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കുന്നുകൂടിയപ്പോള്‍ ചില പ്രമുഖ രാഷ്‌ട്രീയ നേതാക്കളും പരിപാടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതാണ്, ലാലിനെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ മോഹന്‍ ലാലിനെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ, ദേശീയഗെയിംസിലെ പാളിച്ചകളെക്കുറിച്ച് ചര്‍ച്ച് ചെയ്യാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉന്നതതലയോഗം വിളിച്ചിരിക്കുകയാണ്. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഗെയിംസിന്റെ മുന്നോട്ടുള്ള നടത്തിപ്പ് എങ്ങനെ ആയിരിക്കണം എന്നതും സംബന്ധിച്ചും ഉന്നതതതലയോഗം വിലയിരുത്തും.