റെയില്‍വേ റിസര്‍വേഷന്‍: 42 ലക്ഷത്തിന്‍റെ തിരിമറി

കാഞ്ഞിരപ്പള്ളി| WEBDUNIA|
PRO
PRO
റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറില്‍ 42 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. കാഞ്ഞിരപ്പള്ളി റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറില്‍ തിരുവനന്തപുരത്തു നിന്നെത്തിയ റെയില്‍വേയിലെ കൊമേഴ്‌സ്യല്‍- വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ നടത്തിപ്പുകാരനായ മുണ്ടക്കയം കരിപ്പാപറമ്പില്‍ രണ്‍ദീപ് ജോണി (40) നെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ വ്യക്തമാകുകയുളളൂവെന്ന് പോലീസ് പറഞ്ഞു.

ഇതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന കൗണ്ടര്‍ താത്കാലികമായി അടച്ചുപൂട്ടി. കാഞ്ഞിരപ്പള്ളിയിലെ അക്ഷയ കേന്ദ്രമാണ് കമ്മീഷന്‍ വ്യവസ്ഥയില്‍ ടിക്കറ്റ് കൗണ്ടര്‍ നടത്തി വന്നിരുന്നത്. ജനുവരി 27 മുതല്‍ കൗണ്ടറില്‍ നിന്നും നല്‍കിയ ടിക്കറ്റുകളുടെ തുകയായ 42,79,660 രൂപ അടച്ചിട്ടില്ലെന്നാണ് സതേണ്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അരുണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ കണ്ടെത്തിയത്.

ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് റെയില്‍വേ അധികൃതര്‍ ജില്ലാ കളക്ടര്‍ക്കും പോലീസുനും കൈമാറിയിട്ടുണ്ട്. കൗണ്ടര്‍ വഴി നടത്തുന്ന ടിക്കറ്റ് വിതരണത്തിലൂടെ ലഭിക്കുന്ന പണം അതാതു ദിവസം ക്ലോസ് ചെയ്ത് ബാങ്കില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മാര്‍ച്ച് 17 വരെയുള്ള തുക അടച്ചതാണെന്നും റെയില്‍വേ ഓഡിറ്റിംഗിലുള്ള പിഴവാണ് ഇതിന് കാരണമെന്നും രണ്‍ദീപ് ജോണ്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :