ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാന്‍ പുതിയ സംവിധാനം

ന്യൂഡല്‍ഹി| WEBDUNIA|
PRO
കേന്ദ്രസര്‍ക്കാരിന്‍റെ ഇടക്കാല റെയില്‍വെ ബജറ്റ് റെയില്‍വെ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരും. പത്തുവര്‍ഷത്തേക്ക് പുതിയ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. മൂന്ന് അപകട രക്ഷാ തീവണ്ടി ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 19 പുതിയ പാതകള്‍ക്ക് സര്‍വെ നടത്തും. 5 പാതകള്‍ ഇരട്ടിപ്പിക്കും. മൂന്ന് പാതകള്‍ ദീര്‍ഘിപ്പിക്കും. കാറ്ററിംഗ് യൂണിറ്റില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തും. ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടുവരും. കിഴക്കുപടിഞ്ഞാറന്‍ ചരക്ക് ഇടനാഴി ഉടന്‍ വരും.

4556 കിലോമീറ്റര്‍ പാതയുടെ വൈദ്യുതീകരണം പൂര്‍ത്തിയായതായി ബജറ്റ് പറയുന്നു. ട്രെയിനുകളില്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. എനര്‍ജി മാനേജുമെന്‍റ് സംവിധാനം നടപ്പിലാക്കുമെന്ന് ബജറ്റില്‍ പറയുന്നു. 27000 കോടി രൂപയുടെ പെന്‍ഷനായിരിക്കും ഈ സാമ്പത്തികവര്‍ഷം വിതരണം ചെയ്യുക എന്ന് ബജറ്റ് പറയുന്നു.

10 പുതിയ പാസഞ്ചര്‍ തീവണ്ടികള്‍ പ്രഖ്യാപിച്ചു. 17 പുതിയ പ്രീമിയം തീവണ്ടികള്‍ പ്രഖ്യാപിച്ചു. 38 എക്സ്പ്രസ് തീവണ്ടികള്‍ പ്രഖ്യാപിച്ചു. നാല് മെമു ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ഡെമു തീവണ്ടികള്‍ പ്രഖ്യാപിച്ചു. ഇങ്ങനെ മൊത്തം 72 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. നിസാമുദ്ദീനില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു എക്സ്പ്രസ് തീവണ്ടിയാണ് കേരളത്തിന് പ്രഖ്യാപിച്ചത്. കോട്ടയം വഴിയും ആലപ്പുഴ വഴിയും ആഴ്ചയില്‍ രണ്ട് തവണയാ‍ണ് സര്‍വീസ് ഉണ്ടായിരിക്കുക. ഇത് കഴിഞ്ഞ തവണ പ്രഖ്യാപിച്ചതാണ് എന്നതാണ് വസ്തുത. തിരുവനന്തപുരം - ബാംഗ്ലൂര്‍ പ്രീമിയം ട്രെയിന്‍ ആഴ്ചയില്‍ രണ്ടുതവണ സര്‍വീസ് നടത്തും. കന്യാകുമാരി - പുനലൂര്‍ പാസഞ്ചര്‍ ദിവസവും സര്‍വീസ് നടത്തും.

ടിക്കറ്റ് നിരക്കുകളില്‍ മാറ്റമില്ല എന്ന് ബജറ്റ് പറയുമ്പോഴും ടിക്കറ്റ് നിരക്ക് ഇനി ഇന്ധനച്ചെലവ് അനുസരിച്ചായിരിക്കും എന്ന അപകടകരമായ ഒരു പ്രസ്താവന ബജറ്റില്‍ ഉണ്ട്. എന്നാല്‍ ഇതൊരു നിര്‍ദ്ദേശം മാത്രമാണെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. റയില്‍‌വെയുടെ സാമ്പത്തിക പരാധീനതകള്‍ പരിഹരിക്കാനുള്ള ഒരു നിര്‍ദ്ദേശം എന്ന നിലയിലാണ് ഈ പരാമര്‍ശമുള്ളതെന്നും കൊടിക്കുന്നില്‍ ന്യായീകരിച്ചു.

പാലക്കാട് കോച്ച് ഫാക്ടറിയെ സംബന്ധിച്ച് ഒരു പരാമര്‍ശവും ബജറ്റില്‍ ഇല്ല. ഇതില്‍ പ്രതിഷേധിച്ച് പാലക്കാട് എം പി എം ബി രാജേഷ് ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരുന്ന മന്ത്രിക്കുനേരെ ‘പാലക്കാട് കോച്ച് ഫാക്ടറി എന്തായി?’ എന്ന ചോദ്യമുന്നയിച്ച് ഓടിയടുത്തു. മറ്റ് ഇടതുപക്ഷ എം പിമാരും ഇക്കാര്യത്തില്‍ പ്രതിഷേധമുയര്‍ത്തി.

തെലങ്കാന വിഷയത്തില്‍ സഭ പ്രക്ഷുബ്‌ധമായതിനെ തുടര്‍ന്ന് ബജറ്റ് പൂര്‍ണമായും സഭയില്‍ വായിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കഴിഞ്ഞില്ല. ബജറ്റ് സഭയുടെ മേശപ്പുറത്ത് വച്ചു. 5 വര്‍ഷത്തെ ഭരണകാലത്ത് റയില്‍‌വെയില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നതിനാണ് ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയായ പ്രസംഗത്തില്‍ ഖാര്‍ഗെ ഊന്നല്‍ നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :