നോണ്‍ ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കാറ്റഗറികളിലേക്ക് ദക്ഷിണറെയില്‍വേക്കു വേണ്ടി തിരുവനന്തപുരം റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയ്യാറാക്കിയ
അന്തിമ പട്ടികയില്‍ മലയാളികളെ തഴഞ്ഞതായി ആക്ഷേപം. എസ്.സി., എസ്.ടി സംവരണ വിഭാഗത്തില്‍ മലയാളികളായി ആരും തന്നെയില്ല.
ചൊവ്വാഴ്ച വെബ്‌സൈറ്റില്‍ (www.rrbthiruvananthapuram.gov.in) ആര്‍ആര്‍ബി പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ കൂടുതലും അന്യസംസ്ഥാനക്കരാണ്. അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, ഗുഡ്‌സ് ഗാര്‍ഡ്, ജൂനിയര്‍ ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലര്‍ക്ക് എന്നീ തസ്തികകളിലെ 464 ഒഴിവിലേക്ക് നിയമനം നല്‍കാനുള്ള 331 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
എസ്‌സി, എസ്ടി സംവരണവിഭാഗക്കാരായി പട്ടികയില്‍ ഇടം നേടിയത് രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള പ്രത്യേകവിഭാഗത്തില്‍പെട്ടവര്‍ മാത്രമാണ്. സംസ്ഥാന അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ ആര്‍ആര്‍ബി വേര്‍തിരിച്ചിട്ടില്ലെങ്കിലും പട്ടിക പരിശോധിച്ചാല്‍ മലയാളികളെ തഴഞ്ഞത് വ്യക്തമാകുമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്.
2012-ലാണ് റെയില്‍വേ അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ പട്ടികയില്‍ ഒഴിവുകള്‍ നികത്താനാവശ്യമായ ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടുന്നില്ല. മൂന്നുഘട്ടമായി പരീക്ഷകള്‍ നടത്തി കഴിഞ്ഞ ജനുവരിയിലാണ് 383 പേരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. അതിനുശേഷം രേഖ പരിശോധന കൂടി പൂര്‍ത്തിയാക്കി 52 പേരെ ഒഴിവാക്കിയാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്.
അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്ററുടെ 339 ഒഴിവിലേക്ക് 233 പേരുടെ പട്ടികയാണുള്ളത്. ഗുഡ്‌സ് ഗാര്‍ഡിന്റെ 86 ഒഴിവിലേക്ക് അത്രയും പേരുടെ പട്ടികയുണ്ട്. ജൂനിയര്‍ ടൈപ്പിസ്റ്റിന്റെ 20 ഒഴിവിന് ഏഴു പേരുടെയും സീനിയര്‍ ക്ലര്‍ക്കിന്റെ 19 ഒഴിവിന് അഞ്ചു പേരും പട്ടികയിലുണ്ട്. ബാക്കി ഒഴിവുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.
അന്തിമപട്ടിക ദക്ഷിണ റെയില്‍വേ ആസ്ഥാനത്തിന് കൈമാറിയതായി ആര്‍ആര്‍ബി അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുപ്പിനായി നടത്തിയ പരീക്ഷകളില്‍ നിശ്ചിത മാര്‍ക്ക് ലഭിച്ചവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പ്രാദേശിക സംവരണം നിയമനങ്ങളില്‍ പാലിക്കാറില്ലെന്നും കട്ട്-ഓഫ് മാര്‍ക്ക് പ്രഖ്യാപിക്കാറില്ലെന്നും ആര്‍ആര്‍ബി അറിയിച്ചു.
എന്നാല്‍ നിയമന നടപടികള്‍ക്കെതിരെ പരാതി നല്‍കിയാലും അധികൃതര്‍ പരിഗണിക്കാറില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തം മാര്‍ക്ക് അറിയുവാനോ പുനര്‍മൂല്യനിര്‍ണയത്തിനോ ഉത്തരക്കടലാസിന്റെ പകര്‍പ്പ് നല്‍കുന്നതിനോ വ്യവസ്ഥയില്ലാത്ത നടപടികളാണ് ആര്‍ആര്‍ബിയുടേതെന്നും ആക്ഷേപമുണ്ട്.