റിസോര്‍ട്ട്‌ ഉടമയുടെ കൊലപാതകം: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

കോഴിക്കോട്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
വൈത്തിരിയിലെ ജംഗിള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമയായ അറയ്ക്കല്‍ അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം തടവ്‌ ശിക്ഷ. പ്രതികള്‍ ഒന്നരലക്ഷം രൂപ പിഴയും അടയ്ക്കാനും കോടതി വിധിച്ചു.

ഒന്നും മൂന്നും എട്ടും പ്രതികളായ എറണാകുളം മൂത്തകുന്നത്ത്‌ വള്ളിക്കാട്‌ താരയില്‍ സുധീര്‍, തൃശൂര്‍ മുപ്ലിയം പാത്തപ്പറമ്പില്‍ അനിലന്‍, അങ്കമാലി മുക്കന്നൂര്‍ മാളിയേക്കല്‍ റോണി തോമസ്‌ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. വടകര അഡീഷണല്‍ ജില്ലാ സെഷന്‍സ്കോടതിയുടേതാണു വിധി.

അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ക്വട്ടേഷന്‍ കൊലപാതകമാണ് ഇതെന്ന് കോടതി ഇതിനെ വിശേഷിപ്പിച്ചു. മതിയായ തെളിവില്ലെന്ന കാരണത്താല്‍ മൂന്ന് പ്രതികളെ വിട്ടയച്ചു. കേസില്‍ മൂന്ന് പേരെ ഇനിയും പിടികൂടാനുണ്ട്. 126 സാക്ഷികളെ വിസ്‌തരിച്ചു.

2006 ഫെബ്രുവരി 11ന്‌ ആണ് കൊലപാതകം നടന്നത്. ബാബു വര്‍ഗീസ് എന്നയാളാണ് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്. എന്നാല്‍ ഇയാള്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു. റിസോര്‍ട്ട് നടത്തിപ്പില്‍ കരീമിന്റെ പങ്കാളിയായിരുന്നു ബാബു വര്‍ഗീസ്. ഇവര്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലയ്ക്ക് കാരണമായത്. ബാബു വര്‍ഗീസ്‌ കരീമിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :