റിസര്‍വ് ബാങ്കിന് സ്വര്‍ണത്തിന്‍റെ കണക്ക് നല്‍കില്ല: ഗുരുവായൂര്‍ ദേവസ്വം

തൃശ്ശൂര്‍| WEBDUNIA|
PRO
ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണത്തിന്‍റെ കണക്കുകള്‍ റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കില്ല. റിസര്‍വ്‌ ബാങ്കിന്‍റെ നിര്‍ദേശം ദേവസ്വം ബോര്‍ഡ്‌ തള്ളി. ദേവസ്വം ബോര്‍ഡിന്‍റെ സ്‌ഥിരം അംഗങ്ങളുടെ അഞ്ചംഗ സമിതിയാണ് സ്വര്‍ണത്തിന്‍റെ കണക്കുകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്.

സ്വയംഭരണാവകാശമുള്ളതാണ്‌ ക്ഷേത്രം. കണക്കെടുപ്പ്‌ ഇപ്പോള്‍ സാധ്യമല്ല - റിസര്‍വ് ബാങ്കിന് നല്‍കിയ മറുപടിയില്‍ സ്‌ഥിരം അംഗങ്ങളുടെ അഞ്ചംഗ സമിതി വ്യക്തമാക്കി.

സെപ്റ്റംബര്‍ മൂന്നിനാണ് ആര്‍ബിഐ തിരുവനന്തപുരം ഡെപ്യൂട്ടി മാനേജര്‍ ദേവസ്വത്തിന് കത്തയച്ചത്. വാര്‍ഷിക കണക്കെടുപ്പില്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണത്തിന്‍റെ കണക്ക്‌ അറിയിക്കണമെന്നായിരുന്നു കത്ത്. ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ക്കാണ് കത്ത് ലഭിച്ചത്.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി ഒരു മാസം മുമ്പ്‌ കഴിഞ്ഞതിനാല്‍ സ്‌ഥിരാംഗങ്ങളായ അഞ്ചുപേര്‍ ഇന്ന് യോഗം ചേര്‍ന്ന് സ്വര്‍ണത്തിന്‍റെ കണക്ക് കൊടുക്കാന്‍ കഴിയില്ല എന്ന് തീരുമാനിക്കുകയായിരുന്നു.

സ്വര്‍ണത്തിന്‍റെ വിവരശേഖരണം മാത്രമാണ്‌ കണക്കെടുപ്പിലൂടെ ലക്‍ഷ്യമിടുന്നതെന്നും ദേവസ്വം നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും റിസര്‍വ് ബാങ്ക് കത്തില്‍ ഉറപ്പു നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :