റിപ്പര്‍ ജയാനന്ദന് ജയില്‍ചാട്ടം പുത്തരിയല്ല; രക്ഷപ്പെട്ടത് മുളയും മുണ്ടുകളും ഉപയോഗിച്ച്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
വധശിക്ഷയ്ക്ക് വിധിച്ച കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദനും സഹതടവുകാരന്‍ പ്രകാശും ഞായറാഴ്ച രാത്രിയാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ചാടി രക്ഷപ്പെട്ടത്. തൃശൂര്‍ കൊടുങ്ങാനൂര്‍ കുറുപ്പന്‍പറമ്പില്‍ ഹൗസില്‍ ജയാനന്ദന്‍ എന്ന റിപ്പര്‍ ജയാനന്ദന്‍ ഇരട്ടകൊലക്കേസ് ഉള്‍പ്പെടെ ഏഴു കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. കൊല്ലം ഓച്ചിറ സ്വദേശി പ്രകാശ് അബ്കാരി കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്.
സെല്ലിലെ പൂട്ട് അറുത്ത് മാറ്റിയശേഷം മുളയും മറ്റ് തടികളും മുണ്ടുകളും ഉപയോഗിച്ചായിരുന്നു രക്ഷപ്പെടല്‍. തുണികള്‍ കൂട്ടിക്കെട്ടിയായിരുന്നു ജയിലിന്റെ മതിലില്‍ നിന്ന് താഴേക്ക് ഇറങ്ങിയത്. ജയില്‍ വാര്‍ഡന്മാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ തലയിണയും കിടക്കയും ഉപയോഗിച്ച് സെല്ലില്‍ ഡമ്മി ഉണ്ടാക്കിവച്ച ശേഷമാണ് ജയാനന്ദനും പ്രകാശനും കടന്നത്.
രാവിലെ ജയില്‍ ആശുപത്രിയില്‍ ജോലിക്കായി എത്തിയ തടവുകാര്‍ ആണ് ഇവര്‍രക്ഷപ്പെടാന്‍ ഉപയോഗിച്ച മുണ്ടും മുളയും മറ്റും കണ്ടത്. തുടര്‍ന്ന് ഇവര്‍ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മുമ്പ് ജയില്‍ചാടിയതിനെ തുടര്‍ന്നാണ് ജയാനന്ദനെ പൂജപ്പുരയിലേക്ക് മാറ്റിയത്. കണ്ണൂര്‍ ജയിലില്‍ നിന്ന് തടവുചാടിയപ്പോള്‍ ഊട്ടിയില്‍ വച്ചാണ് പിടിക്കപ്പെട്ടത്. വിയ്യൂര്‍ ജയിലില്‍ പാര്‍പ്പിച്ചപ്പോഴും ഇയാള്‍ ജയില്‍ ചാട്ടത്തിന് ശ്രമിച്ചിരുന്നു. അന്ന് ജയിലിലെ ക്ലോസറ്റ് പൊട്ടിച്ച് തുരങ്കം ഉണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ജയില്‍ ചാടിയവരെ കണ്ടെത്താനുള്ള തെരച്ചില്‍ നടത്തുന്നത്. സംഭവത്തെക്കുറിച്ച് ജയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു.