റഷീദിന് ജയിലില്‍ സുഖവാസം; ഞെട്ടലോടെ സിബിഐ

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ റിമാന്റില്‍ കഴിയുന്ന ഡിവൈഎസ്പി അബ്ദുള്‍റഷീദിന് ഉന്നതരുടെ സഹായത്തോടെ ജയിലില്‍ സുഖജീവിതം. കാക്കനാട്ടെ ജയിലിലായിരുന്ന റഷീദ് ഉന്നതരെ സ്വാധീനിച്ചാണ് പൂജപ്പുര ജയിലിലെത്തിയത്. ഇവിടെ ഇയാള്‍ അനുഭവിക്കുന്ന സുഖസൌകര്യങ്ങള്‍ കേട്ടാല്‍ ആരും അമ്പരന്നുപോകും.

ജയിലിലെ ആശുപത്രി ബ്ലോക്കില്‍ കഴിയുന്ന റഷീദിന് പ്രത്യേക റൂം അനുവദിച്ചിട്ടുണ്ട്. കിടക്കാന്‍ കട്ടിലുണ്ട്, കുളിക്കാനും മറ്റുമായി സഹതടവുകാര്‍ക്കൊപ്പം പോകേണ്ട കാര്യമില്ല. എല്ലാവരേയും പോലെ ചപ്പാത്തിയും കറിയും കഴിച്ച് മടുക്കേണ്ട. പകരം സമ്പാറും അവിയലും മീന്‍ കറിയും പപ്പടവുമൊക്കെ കൂട്ടി എന്നും ഉച്ചയ്ക്ക് സദ്യ തന്നെ കഴിക്കാം. ബന്ധുക്കളെ എപ്പോള്‍ വേണമെങ്കിലും കാണാനുള്ള അനുവാദവുമുണ്ട്. അസുഖം അഭിനയിച്ച് ഗുളികകളുമായാണ് റഷീദിന്റെ നടപ്പ്.

മന്ത്രിമാരുടെ ഓഫിസിലും പൊലീസ് ആസ്ഥാനത്തും തനിക്ക് വ്യക്തമായ സ്വാധീനം ഉണ്ടെന്ന് റഷീദ് സിബിഐ ഉദ്യോഗസ്ഥരോട് തന്നെ വെളിപ്പെടുത്തിയ കാര്യമാണ്. തനിക്ക് കോടികളുടെ സ്വത്തുക്കളുണ്ട്. കള്ളക്കേസില്‍ അകത്താക്കി ജോലി നഷ്ടപ്പെടുത്തിയാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു.

കേസ് അന്വേഷിക്കുന്ന സി ബി ഐയെ പോലും ഞെട്ടിച്ചാണ് റഷീദ് ജയില്‍ മാറിയത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ സ്വാധീനിച്ചാണ് ഇയാള്‍ പൂജപ്പുരയിലെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. തന്നെ അറസ്റ്റ് ചെയ്ത സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസ് എടുപ്പിച്ചതും റഷീദ് തന്നെയായിരുന്നു. ഇയാളെ സഹായിക്കുന്നവരെക്കുറിച്ച് സി ബി ഐയ്ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

അഞ്ചല്‍ അലയമണിയില്‍ സ്ത്രീയേയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചത് റഷീദ് ആണെന്നതിന്റെ തെളിവുകളും സി ബി ഐക്ക് ലഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :