രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി

മാനന്തവാടി| WEBDUNIA|
PRO
PRO
ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച എട്ടുവയസുകാരിക്ക് എച്ച് ഐ വി. ജില്ല ആരോഗ്യവകുപ്പ് അധികൃതരാണ് പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതായി സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ്, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നാണ് പെണ്‍കുട്ടി രക്തം സ്വീകരിച്ചത്.

തല്‍സീമിയ രോഗ ബാധിതയായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ്, മാനന്തവാടി ജില്ലാ ആശുപത്രികളില്‍ നിന്ന് കഴിഞ്ഞ ആറു വര്‍ഷമായി ചികിത്സ നേടി വരികയായിരുന്നു. എട്ടുമാസം മുമ്പ് കയ്യില്‍ ചൊറിച്ചില്‍ സ്ഥിരമായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്.

അതേസമയം, കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എച്ച്‌ഐവി ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. എച്ച് ഐ വി ബാധയുള്ള കാര്യം കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെ രഹസ്യമായി വച്ചിരിക്കുകയാണ്. കണ്ണൂരിലെ ചില യുവജന സംഘടനകളാണ് വിവരം പുറത്ത് കൊണ്ടു വന്നത്. തുടര്‍ന്ന് ഇവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഉപരോധം നടത്തിയിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പ്രതികരിച്ചു. ആരോഗ്യ വകുപ്പിനോട് സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന് അനുസൃതമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :