യേശുക്രിസ്തു ഇഹലോകവാസം വെടിഞ്ഞത് കശ്മീരില്‍ വച്ചായിരുന്നോ? ആയിരുന്നു എന്നാണ് ഒരു ഡോക്യുമെന്ററി ഫിലിം പറയുന്നത്.
കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിനു പ്രദര്‍ശിപ്പിച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയിലാണ് യേശുക്രിസ്തുവിന്റെ അവസാനകാലം കശ്മീരില്‍ ആയിരുന്നു എന്ന് ഉറപ്പിച്ച് പറയുന്നത്. യെശേന്ദ്ര പ്രസാദ് ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.
കശ്മീരിലെ റോസബാല്‍ മന്ദിരത്തില്‍ സംസ്കരിച്ചിരിക്കുന്ന യൂസ അസഫ് യേശുവാണെന്നാണ് യെശേന്ദ്രയുടെ അവകാശവാദം. മഹായാന ബുദ്ധിസത്തിന്റെ ഉത്ഭവത്തിനു കാരണവും ജീസസ് ആണെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
കുരിശുമരണത്തെ അതിജീവിച്ച ക്രിസ്തു കശ്മീരില്‍ എത്തിയെന്നും അവസാനകാലം അവിടെയാണ് കഴിച്ചുകൂട്ടിയത് എന്നും യെശേന്ദ്ര പറയുന്നു. യൂസ അസഫ് തന്നെയാണ് ക്രിസ്തു എന്ന് നിരവധി സംസ്കൃത, അറബി ഗ്രന്ഥങ്ങള്‍ സൂചന നല്‍കുന്നുണ്ട്. കുരിശിനെ അതിജീവിച്ച ക്രിസ്തു പലസ്തീനില്‍ നിന്ന് ഇന്ത്യയിലെത്തുകയായിരുന്നു. റോസബാലിലെ ശവകുടീരം നിര്‍മ്മിച്ചിരിക്കുന്നത് ജൂത ആചാര പ്രകാരമാണെന്നും ഇസ്ലാമിക നിര്‍മ്മിതിയല്ല എന്നും യെശേന്ദ്ര വാദിക്കുന്നു.
കനിഷ്ക മഹാരാജാവിന്റെ കാലത്ത് നടന്ന നാലാം ബുദ്ധമത സമ്മേളനത്തില്‍ മഹായാന വിഭാഗം ഉണ്ടായതിനു കാരണം ക്രിസ്തു ആണെന്നാണ് യെശേന്ദ്രയുടെ വാദം. വേദ പണ്ഡിതന്‍മാരുമായും ബുദ്ധ പണ്ഡിതന്മാരുമായും താന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നും തന്റെ കണ്ടെത്തലുകള്‍ക്ക് ചരിത്രത്തിന്റെ പിന്‍ബലമുണ്ട് എന്നുമാണ് സംവിധായകന്റെ നിലപാട്.
അസീസ് കശ്മീരി എന്ന പത്രപ്രവര്‍ത്തകന്‍ 1973-ല്‍ പ്രസിദ്ധീകരിച്ച ‘ക്രൈസ്റ്റ് ഇന്‍ കശ്മീര്‍’ എന്ന പുസ്തകത്തിലൂടെയാണ് റോസബാല്‍ മന്ദിരം ലോക ജനശ്രദ്ധ ആകര്‍ഷിച്ചത്. റോസബാലില്‍ സംസ്‌കരിച്ചിരിക്കുന്ന യൂസ അസഫ് ക്രിസ്തു ആണെന്നാണ് പുസ്തകത്തിന്റെ ഉള്ളടക്കം.