തിരുവനന്തപുരം|
Last Modified വ്യാഴം, 12 നവംബര്‍ 2015 (15:29 IST)
ദേവസ്വം ബോര്‍ഡ് അംഗത്വം നല്‍കാത്തതില്‍ ആര്‍ എസ് പിക്ക് കടുത്ത പ്രതിഷേധം. മുന്നണിമര്യാദയുടെ ലംഘനമാണ് യു ഡി എഫ് ആര്‍എസ്‌പിയോട് ചെയ്തതെന്ന് ആര്‍ എസ് പി നേതാവ് എ എ അസീസ്. പ്രതിഷേധം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രേഖാമൂലം അറിയിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ദേവസ്വം ബോര്‍ഡിലേക്ക് അംഗങ്ങളെ നിയമിച്ചത് ഏകപക്ഷീയമായാണെന്നും അസീസ് കുറ്റപ്പെടുത്തി.
ദേവസ്വം ബോര്‍ഡ് പുനഃസംഘടിപ്പിക്കുമ്പോള്‍ ആര്‍ എസ് പിക്ക് പ്രാധാന്യം വേണമെന്ന് മുഖ്യമന്ത്രിക്കും, മറ്റ് മന്ത്രിമാര്‍ക്കും, യു ഡി എഫ് കണ്‍വീനര്‍ക്കും, കെ പി സി സി അധ്യക്ഷനും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അംഗത്വം നല്‍കിയില്ല. മുന്നണി സംവിധാനത്തില്‍ പാലിക്കേണ്ട സമീപനങ്ങള്‍ യു ഡി എഫ് പാലിച്ചില്ല. ഏകപക്ഷീയമായാണ് പുതിയ രണ്ട് അംഗങ്ങളെ നിയമിച്ചത്. ഇക്കാര്യത്തിലുള്ള പ്രതിഷേധം ഇന്നലെത്തന്നെ മുഖ്യമന്ത്രിക്ക് രേഖാമൂലം നല്‍കി. ഇന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തില്‍ കഠിനമായ പ്രതിഷേധം രേഖപ്പെടുത്തി. യു ഡി എഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം നടപടികള്‍ ഹാനികരമാകുമെന്നും ഇതാവര്‍ത്തിക്കരുതെന്നും യു ഡി എഫ് ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഈ വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചു - അസീസ് വെളിപ്പെടുത്തി. അസീസിനെ കൂടാതെ ഷിബു ബേബി ജോണ്‍, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരാണ് മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കാനെത്തിയത്.
ആര്‍ എസ് പിക്ക് ദേവസ്വം റിക്രൂട്ടുമെന്‍റ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കിയതുകൊണ്ടാണ് പരിഗണിക്കാതെ പോയതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയതായി അസീസ് പറഞ്ഞു. ആശ എന്ന ഒരു പട്ടികജാതി വനിതയെയാണ് അന്ന് ഉള്‍പ്പെടുത്തിയത്. അന്നും ഉള്‍പ്പെടുത്തിയിരുന്നില്ല, ഞങ്ങള്‍ പ്രതിഷേധിച്ചപ്പോഴാണ് അന്നും ലഭിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ക്ഷേത്രജീവനക്കാരുടെ സംഘടനകളില്‍ യു ടി യു സി അതിശക്തമാണ്. അങ്ങനെയൊരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ദേവസ്വം ബോര്‍ഡുകളില്‍ ഞങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചത്. അടുത്ത ഒഴിവ് വരുമ്പോള്‍ ഈ സര്‍ക്കാര്‍ ആവണമെന്നില്ല. യു ഡി എഫ് ആണ് വീണ്ടും വരുന്നതെങ്കിലും സാഹചര്യം വ്യത്യസ്തമായിരിക്കും - അസീസ് പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടായ പരാജയം ആര്‍ എസ് പിയെയും ബാധിച്ചു. അല്ലാതെ ആര്‍ എസ് പിക്ക് മാത്രമായി പരാജയമുണ്ടായില്ല. ആര്‍ എസ് പി നീണ്ടകരപ്പാര്‍ട്ടിയോ ചവറപ്പാര്‍ട്ടിയോ അല്ല, സംസ്ഥാന പാര്‍ട്ടിയാണ്. ന്യൂനപക്ഷസമുദായത്തിന്‍റെ വോട്ട് ചോര്‍ന്നതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായത്. യു ഡി എഫിലെ വിഭാഗീയതയും തോല്‍വിക്ക് കാരണമായി. വിമതശല്യവും തോല്‍വിയുടെ ആക്കം കൂട്ടി. യു ഡി എഫില്‍ അര്‍ഹമായ പ്രാതിനിധ്യം ഞങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അക്കാര്യത്തില്‍ ഒരു പരാതിയുമില്ല. എന്നാല്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സ്ഥാനം ഞങ്ങള്‍ അര്‍ഹിച്ചതാണ്. അത് കിട്ടാത്തതില്‍ മാത്രമാണ് പ്രതിഷേധം - അസീസ് പറഞ്ഞു.
മുന്തിരി കണ്ട് കുറുക്കന്‍ ചാടുന്നതുപോലെ ചാടുന്ന പാര്‍ട്ടിയല്ല ആര്‍ എസ് പി. 34 വര്‍ഷം ഞങ്ങള്‍ എല്‍ ഡി എഫിലുണ്ടായിരുന്നു. സി പി എമ്മിന്‍റെ വഞ്ചനാപരമായ സമീപനം കൊണ്ടാണ് യു ഡി എഫില്‍ വന്നത്. കൊല്ലത്ത് സിറ്റിംഗ് സീറ്റ് നല്‍കിയാണ് യു ഡി എഫ് ഞങ്ങളെ സ്വാഗതം ചെയ്തത്. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെറിയ പരാജയമേറ്റുവാങ്ങിയെന്നുപറഞ്ഞ് യു ഡി എഫ് വിട്ടാല്‍ അത് രാഷ്ട്രീയ സദാചാരമല്ല. സി പി എമ്മിന്‍റെ ഇപ്പോഴത്തെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാന്യനാണെന്നും എ എ അസീസ് പറഞ്ഞു.