യമഹ ബഷീര്‍ 17 വര്‍ഷത്തിന്‌ ശേഷം പിടിയില്‍

തൃശൂര്‍| WEBDUNIA|
PRO
PRO
സംസ്ഥാനത്തെ വിവിധ പൊലീസ്‌ സ്റ്റേഷന്‍ പരിധികളില്‍ 30 ഓളം കളവുകേസുകളില്‍ പ്രതിയും പിടികിട്ടാപുള്ളിയുമായ കുപ്രസിദ്ധമോഷ്ടാവിനെ 17 വര്‍ഷത്തിന്‌ ശേഷം അറസ്റ്റുചെയ്തു. കോഴിക്കോട്‌ താമരശ്ശേരി പുല്ലാനിമേട്‌ വീട്ടില്‍ ആലിക്കുട്ടിയുടെ മകന്‍ ബഷീറി(40)നെയാണ്‌ വയനാട്‌ അടിവാരത്തുനിന്ന് അറസ്റ്റുചെയ്തത്‌. ഭണ്ഡാരം ബഷീര്‍, യമഹ ബഷീര്‍ എന്നീ പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്. അറസ്റ്റിലായ പ്രതി കുപ്രസിദ്ധ വാഹനമോഷ്ടാവ്‌ വീരപ്പന്‍ റഹീമിന്റെ സംഘത്തിലെ അംഗംകൂടിയാണ്‌.

1977ല്‍ അയ്യന്തോള്‍ സബ്‌റജിസ്ട്രാര്‍ ഓഫീസിലെ എല്‍ഡിക്ലര്‍ക്ക്‌ ആ യിരുന്ന, ശങ്കരയ്യര്‍ റോഡില്‍ താമസിക്കുന്ന അന്തിക്കാട്‌ വീട്ടില്‍ കുഞ്ഞുണ്ണി മകന്‍ ജവഹര്‍ ലാലിന്റെ വീട്ടുമുറ്റത്തുനിന്നും കെഎല്‍ 8 എഫ്‌-3768 യമഹ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച്‌ നമ്പര്‍ പ്ലേറ്റ്‌ മാറ്റി വില്‍പന നടത്തി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഈ കേസില്‍ 2003 ല്‍ ഒന്നാം ക്ലാസ്സ്‌ മജിസ്ട്രേറ്റ്‌ കോടതി പ്രതിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

പ്രതിയുടെ പേരില്‍ കോഴിക്കോട്‌ താമരശ്ശേരി പൊലീസ്‌ സ്റ്റേഷനില്‍ മാത്രം 10 കേസുകളുണ്ട്‌. കൂടാതെ താമരശ്ശേരി പൊലീസ്‌ സ്റ്റേഷന്‍ കെ ഡി കൂടിയാണ്‌ ഇയാള്‍. വാടാനപ്പിള്ളി, പെരിന്തല്‍മണ്ണ, കുണ്ടമംഗലം, മാനന്തവാടി, കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ പൊലീസ്‌ സ്റ്റേഷന്‍, വടകര, പട്ടാമ്പി, പേരാമ്പ്ര, മീനങ്ങാടി, കൊടുവള്ളി, കൊഴിഞ്ഞമ്പാറ, കുറ്റ്യാടി, ചേളാരി, മഞ്ചേരി, വേങ്ങര, കുത്തുപറമ്പ്‌, തിരൂരങ്ങാടി എന്നീ പൊലീസ്‌ സ്റ്റേഷനുകളിലും കേസുകളുണ്ട്‌. യമഹ ബൈക്ക്‌ മാത്രം തിരഞ്ഞ്‌ മോഷണം നടത്തുന്നതിനാലും ഭണ്ഡാരകവര്‍ച്ച പതിവാക്കിയതിനാലുമാണ്‌ പ്രതിക്ക്‌ യമഹ ബഷീറെന്നും, ഭണ്ഡാരം ബഷീറെന്നും പേരുവീണത്‌.

മൂന്നരവര്‍ഷം ജയില്‍ ശിക്ഷ കഴിഞ്ഞ്‌ മുമ്പ്‌ പുറത്തിറങ്ങിയ പ്രതി 19 കാരിയെ പ്രേമിച്ച്‌ വിവാഹം കഴിച്ച്‌ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ച്‌ വരികയായിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ്‌ പ്രതിയെ പിടികൂടാനായത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :