തിരുവനന്തപുരം|
Last Modified ചൊവ്വ, 22 ഡിസംബര്‍ 2015 (18:10 IST)
ഇത്തവണത്തെ നിയമസഭാതെരഞ്ഞെടുപ്പ് താരപ്രഭയാല്‍ ഗംഭീരമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളത്തിന്‍റെ അഭിമാനതാരം മോഹന്‍ലാല്‍ തന്നെ മത്സരക്കളത്തില്‍ ഇറങ്ങുമെന്നാണ് വിവരം.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എന്‍ എസ് എസ് പിന്തുണയോടെ മോഹന്‍ലാല്‍ ചങ്ങനാശ്ശേരിയില്‍ മത്സരിക്കുമെന്നാണ് സൂചന. മോഹന്‍ലാല്‍ മത്സരത്തിനിറങ്ങിയാല്‍ സീറ്റ് വിട്ടുനല്‍കാമെന്ന് കേരള കോണ്‍ഗ്രസ് ഉറപ്പുനല്‍കിയതായും അറിയുന്നു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എന്‍ ജയരാജ് എംഎല്‍എയുമാണ് മോഹന്‍ലാലിനായി കളമൊരുക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഇന്നസെന്‍റ് പാര്‍ലമെന്‍റിലെത്തിയതോടെ കൂടുതല്‍ താരങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്.
അതേസമയം, സൂപ്പര്‍താരം സുരേഷ്ഗോപിയും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടാകുമെന്നാണ് അറിയുന്നത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി സുരേഷ്ഗോപിയുണ്ടാകുമെന്നാണ് സൂചന.