മുരളീധരനെ വേണ്ട: കെപിസിസി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കോണ്‍ഗ്രസിലേക്കുള്ള കെ മുരളീധരന്‍റെ തിരിച്ചു വരവിന് കെ പി സി സി യോഗത്തില്‍ ഇന്നും പച്ചക്കൊടിയില്ല. മുരളിയുടെ പുനപ്രവേശത്തെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും കെ പി സി സി യോഗത്തില്‍ എതിര്‍ത്തു. വി എം സുധീരന്‍, പി സി ചാക്കോ, കെ കെ രാമചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് മുരളിക്ക് അനുകൂലമായി ഇന്നു യോഗത്തില്‍ സംസാരിച്ചത്.

അതേസമയം മുരളിയുടെ കാര്യം ഹൈക്കമാന്‍ഡിന് വിടാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. മുരളിയുടെ മടങ്ങിവരവ് സംബന്ധിച്ച് ഏകാഭിപ്രായത്തിലെത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയില്ല. ഇക്കാരണത്താല്‍ ഇക്കാര്യത്തില്‍ കെ പി സി സിക്കുള്ള മുന്‍ തീരുമാനം പുന:പരിശോധിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മുരളിയുടെ കാര്യത്തില്‍ പാര്‍ട്ടിയോടു നീതി പുലര്‍ത്തുന്ന തീരുമാനം വേണം എടുക്കാന്‍. ഹൈക്കമാന്‍ഡിന്‌ എന്തു തീരുമാനവും കൈക്കൊള്ളാം. എന്നാല്‍ തീരുമാനം സംസ്ഥാന ഘടകത്തിനു വിട്ടിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഹൈക്കമാന്‍ഡിനു കൈമാറുന്നത്‌ ഉത്തരവാദിത്തത്തില്‍ നിന്ന്‌ ഒഴിയുന്നതിനു തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യോഗത്തില്‍ മുരളിക്ക് അനുകൂലമായും പ്രതികൂലമായും ഉയര്‍ന്ന അഭിപ്രായങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ കെ പി സി സി തീരുമാനിച്ചു. മുരളീധരന്‍ കോണ്‍ഗ്രസിലേക്കു മടങ്ങിയെത്തുന്നതില്‍ ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഇപ്പോഴും എതിര്‍പ്പുണ്ടെന്നും കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു.

മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്ന കാര്യം ഹൈക്കമാന്‍ഡിനു വിടണമെന്ന് യോഗത്തില്‍ കരുണാകരന്‍ ആവശ്യപ്പെട്ടിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ കെ പി സി സിക്ക് അവകാശമില്ലെന്നും ലീഡര്‍ പറഞ്ഞിരുന്നു. തന്‍റെ നിലപാട് വ്യക്തമാക്കിയതിനു ശേഷം രാവിലെ തന്നെ കരുണാകരന്‍ യോഗത്തില്‍ നിന്നു മടങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :