ഷൊര്‍ണൂര്‍: സി പി എം തുടരും

പാലക്കാട്| WEBDUNIA| Last Modified ശനി, 21 ഫെബ്രുവരി 2009 (14:47 IST)
ഷൊര്‍ണൂര്‍ നഗരസഭയില്‍ സി പി എം ഭരണകൗണ്‍സിലിനെതിരെ കോണ്‍ഗ്രസ്‌ പിന്തുണയോടെ ജനകീയ വികസന സമിതി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇരുപക്ഷവും 14 വീതം വോട്ടുകള്‍ നേടിയതോടെയാണ് അവിശ്വാ‍സ പ്രമേയം പരാജയപ്പെട്ടത്. ആകെ അംഗങ്ങളില്‍ പകുതിയലധികം പേരുടെ പിന്തുണ ലഭിക്കാത്തതിനാല്‍ പ്രമേയം പരാജയപ്പെടുകയായിരുന്നു. ഇതോടെ നഗരസഭാ ഭരണത്തില്‍ സി പി എം തുടരും.

കോണ്‍ഗ്രസിലെ കെ മുരളീധരന്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് വോട്ടെടുപ്പില്‍ നിര്‍ണായകമായി. ആരെയും പിന്തുണക്കില്ലെന്ന് ഒരംഗമുള്ള ബി ജെ പി നേരത്തെ അറിയിച്ചിരുന്നു. ബിജെപി അംഗമായ വി ഉണ്ണിക്കൃഷ്‌ണന്‍ അവിശ്വാ‍സ പ്രമേയ ചര്‍ച്ചയ്‌ക്കിടെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്‌തു.

നഗരസഭാ വൈസ്‌ ചെയര്‍മാന്‍ എം ആര്‍ മുരളിയുടെ നേതൃത്വത്തിലുള്ള സി പി എം വിമതര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒമ്പതു സീറ്റുകളിലേക്കായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ എട്ടിടത്തും വിമതര്‍ വിജയിച്ചിരുന്നു.

ഇതോടെ 30 അംഗ കൗണ്‍സിലില്‍ സി പി എമ്മിന്‍റെ അംഗസംഖ്യ 14 ആയി കുറയുകയായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ചെയര്‍പേഴ്‌സണെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്‌. മുരളി വിഭാഗവും കോണ്‍‌ഗ്രസും ഒത്തു ചേരുമ്പോള്‍ 15 അംഗങ്ങളുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് അംഗം മുരളീധരന്‍ വിട്ടുനിന്നതോടെ പ്രതിപക്ഷത്തിന്‍റെ പരാജയം ഉറപ്പാവുകയായിരുന്നു.

വോട്ടെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് അംഗം വിട്ടു നിന്നത് അപ്രതീക്ഷിതമായിരുന്നെന്ന് എം ആര്‍ മുരളി പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :