മുന്‍ കോണ്‍ഗ്രസ് നേതാവ് എംഎ ജോണ്‍ അന്തരിച്ചു

കോട്ടയം| WEBDUNIA|
PRO
മുന്‍ കോണ്‍ഗ്രസ് നേതാവ് എം എ ജോണ് ‍(79) അന്തരിച്ചു. ഉഴവൂര്‍ കുര്യനാട്ടെ വസതിയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമേരിക്കയിലുള്ള മക്കളുടെ അരികിലേക്ക് ഭാര്യ പോയതിനാല്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

രാവിലെ ഉണരാത്തതിനെത്തുടര്‍ന്ന് വേലക്കാര്‍ നോക്കിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് കരുതുന്നത്. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെയാണ് എം എ ജോണ്‍ പൊതുപ്രവര്‍ത്ത രംഗത്തേക്ക് കടന്നു വന്നത്. കെ എസ് യുവിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. എഴുപതുകളില്‍ പരിവര്‍ത്തന വാദി കോണ്‍ഗ്രസിന് രൂപം നല്‍കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

കെ കരുണാകരനോട് ഏറെ അടുപ്പം കാണിച്ച അദ്ദേഹം കുറെക്കാ‍ലം ഡി ഐ സിയില്‍ പ്രവര്‍ത്തിച്ചിരുന്നു. കുറച്ചു നാളായി സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ഭാര്യയും മക്കളും നാട്ടില്‍ എത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടത്തുക.

എം എ ജോണിന്റെ മരണത്തെത്തുടര്‍ന്ന് കോട്ടയം ജില്ലയിലെ കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :