രാഹുല്‍ പറഞ്ഞത് തമാശ: നിതിന്‍ ഗഡ്കരി

ചെന്നൈ| WEBDUNIA|
PRO
വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെ നിതിന്‍ ഗഡ്കരി. വിദേശ ബാങ്കുകളിലുള്ള കള്ളപ്പണ നിക്ഷേപം തിരികെയെത്തിക്കുമെന്ന് രാഹുല്‍ പറഞ്ഞത് ‘തമാശ’യാണെന്ന് ഗഡ്കരി പറഞ്ഞു. ഞായറാഴ്ച ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍.

കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേര് വെളിപ്പെടുത്തില്ല എന്നാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍ പറയുന്നത്. അതേസമയം, കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വികരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ഇത് ഒരു ‘തമാശ’ ആണെന്നേ കരുതാനാവൂ.

കള്ളപ്പണ നിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് യുപി‌എ സര്‍ക്കാര്‍ വിസമ്മതം കാണിക്കുന്നതിനു കാരണമെന്താണെന്നും നടപടി സ്വീകരിക്കുന്നതിന് തടസ്സമെന്താണെന്നും വ്യക്തമാക്കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന വെടിവച്ചു കൊല്ലുന്നതില്‍ അതൃപ്തി അറിയിക്കാന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവിനെ അയച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഗൌരവം കാണിക്കുന്നില്ല.

എന്നാല്‍, ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ശ്രീലങ്കയ്ക്ക് തൊട്ടടുത്തുള്ള തമിഴ് പ്രദേശമായ വേദാരണ്യത്ത് സന്ദര്‍ശനം നടത്തി മത്സ്യബന്ധന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അവരില്‍ നിന്ന് നേരിട്ട് മനസ്സിലാക്കും. തുടര്‍ന്ന്, സുഷമ ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ശ്രീലങ്കയിലേക്ക് പോകുമെന്നും ഗഡ്കരി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :