മുഖ്യമന്ത്രിക്കെതിരെ ആക്രമണം: ആഭ്യന്തരവകുപ്പിന് ലീഗ് മുഖപത്രത്തില്‍ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം|
WEBDUNIA|
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കണ്ണൂരില്‍ ഉണ്ടായ ആക്രമണത്തിന് പിന്നിലെ പ്രതികളെ പിടികൂടാന്‍ കഴിയാത്ത ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും വിമര്‍ശിച്ച് മുസ്ളീംലീഗ് മുഖപത്രമായ ചന്ദ്രികയുടേ മുഖപ്രസംഗം.
സംഭവം നടന്ന് ഒരു മാസമായിട്ടും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇനിയും പൊലീസിന് കഴിയാത്തത് നിയമ ഭരണത്തിലുള്ള വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ‘ഈ ആലസ്യം പൊലീസിന് ആഘാതം‘ മെന്നാണ് എഡിറ്റോറിയലിന്റെ തലക്കെട്ട്.
‘ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നത് പകല്‍ പോലെ തെളിഞ്ഞ സത്യമാണ്. . മുഖ്യമന്ത്രിയുടെ മുഖത്ത് പരുക്കേറ്റു. അദ്ദേഹം ആസ്പത്രിയിലായി. പൊലീസിന്റെ കൈവശം സമരക്കാരായ സിപിഎമ്മുകാരുടെ ദൃശ്യങ്ങളുണ്ട്. കല്ലെറിയുന്നവരുടെ കാഴ്ചകളുണ്ട്. വാര്‍ത്താ ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. തെളിവുകള്‍ ഈ വിധം പരന്ന് കിടക്കവെ പൊലീസ് ഇരുട്ടില്‍ തപ്പുന്നതിന്റെ കാര്യകാരണങ്ങള്‍ തേടുന്നവര്‍ക്ക് മുന്നില്‍ ഉത്തരമൊന്നുമില്ലെന്നും‘ പറയുന്നു.
‘തീര്‍ത്തും ജനകീയനായ, ജനങ്ങളില്ലാതെ തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറയുന്ന ഒരു ഭരണാധിപന്‍ ആക്രമിക്കപ്പെട്ടെങ്കില്‍ ആ ഗുരുതരമായ വീഴ്ച്ചയില്‍ നിന്ന് പൊലീസിന് ഒരിക്കലും ഓടിയൊളിക്കാനാവില്ല. കേരളാ പൊലീസ് ശക്തമായി പ്രവര്‍ത്തിക്കുമ്പോഴും സേനയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടുന്ന ചില സംഭവങ്ങള്‍ അങ്ങിങ്ങായി അരങ്ങേറുന്നുണ്ടെ‘ന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
വനിതാ ട്രാഫിക് വാര്‍ഡന്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ പിടികൂടുന്നതില്‍ അനാസ്ഥ കാണിച്ച പൊലീസിനെയും വിമര്‍ശിക്കുന്നുണ്ട്. സ്വന്തം സേനയിലെ ഒരു വനിതാ അംഗം നടുറോഡില്‍ പരസ്യമായി ആക്രമിക്കപ്പെട്ടിട്ടും പ്രതിക്കെതിരെ ശക്തമായ നടപടികള്‍ക്ക് പൊലീസിലെ ചിലര്‍ വിസമ്മതിച്ചവെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.
സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ ഭരണകൂടം ശക്തമായി ഇടപെടുമ്പോള്‍ നിയമ സംരക്ഷണത്തിന് നിയോഗിക്കപ്പെട്ട ഒരു വനിത ആക്രമിക്കപ്പെട്ടിട്ട് അവര്‍ക്ക് പോലും നീതി ലഭിക്കുന്നില്ല എന്ന് വരുമ്പോള്‍ അത് നാണക്കേടാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
‘മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പോലും ആലസ്യം പ്രകടിപ്പിക്കുമ്പോള്‍ അത് സേനയിലുള്ള വിശ്വാസ്യതയെ തന്നെയാണ് ബാധിക്കുന്നത്. വിവാദമായ പന്തിരിക്കര പെണ്‍വാണിഭ കേസിലും പൊലീസ് ഇരുട്ടില്‍ തപ്പുകയാണെ‘ന്നും ചന്ദ്രിക തുറന്നടിക്കുന്നു.