മുഖ്യമന്ത്രി രാജി വയ്ക്കണം: അര്‍ധരാത്രിയിലും തലസ്ഥാനം യുദ്ധക്കളമായി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവജനസംഘടനകള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. തട്ടിപ്പിനെക്കുറിച്ച് പരാതിക്കാരന്‍ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അര്‍ദ്ധരാത്രിക്കു ശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനെ തുടര്‍ന്ന് തലസ്ഥാനം യുദ്ധക്കളമായി. സമരക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സോളാര്‍ തട്ടിപ്പിന് താന്‍ ഇരയായതിന് കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഉറപ്പാണെന്ന ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലാണ് തലസ്ഥാനത്ത് സംഘര്‍ഷം വിതച്ചത്.
യുവമോര്‍ച്ച പ്രവര്‍ത്തകരാണ് രാത്രി 10.30ഓടെ പ്രതിഷേധവുമായി ആദ്യം സെക്രട്ടേറിയറ്റിനു മുന്നില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഈ സമയത്ത് ക്ലിഫ് ഹൗസില്‍ യുഡിഎഫ് നേതാക്കളുടെ യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ രാജി എന്ന ആവശ്യത്തിനു വഴങ്ങേണ്ടതില്ലെന്നും രാഷ്ട്രീയപ്രേരിതമായ ആരോപണത്തെ അത്തരത്തില്‍ തന്നെ നേരിടുമെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രഖ്യാപനം വന്നശേഷം രാത്രി ഒരു മണിയോടെ സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ വലിയൊരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍നിന്ന് സെക്രട്ടേറിയറ്റിലേക്ക് മുഖ്യമന്ത്രിയുടെ കോലവും വഹിച്ച് പ്രകടനമായി എത്തി.
ഓടിയെത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തിനു മുകളില്‍ കയറി ഡിവൈഎഫ്‌ഐയുടെ കൊടി കെട്ടി. ഇതിനു ശേഷം കവാടത്തിനു മുന്നിലെ ബാരിക്കേഡില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഇതു തടയാന്‍ പോലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പ്രകോപിതരായ പോലീസുകാര്‍ ലാത്തിവീശിയതോടെ ഡിവൈഎഫ്‌ഐക്കാര്‍ ചെറുത്തുനിന്നു.
ജലപീരങ്കി പ്രയോഗിക്കാന്‍ ശ്രമിച്ചുവെങ്കിലും ആദ്യഘട്ടത്തില്‍ പ്രവര്‍ത്തകര്‍ പോലീസുകാരെ ഭീഷണിപ്പെടുത്തി തടഞ്ഞു. ഈ സമയം കൂടുതല്‍ പോലീസുകാരെ സെക്രട്ടേറിയറ്റിനു മുന്നിലെത്തിച്ചു. പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് വകഞ്ഞുമാറ്റി ജലപീരങ്കി മുന്നോട്ടെടുത്ത് വെള്ളം ചീറ്റി. എന്നിട്ടും സമരക്കാര്‍ ചെറുത്തുനിന്നതോടെ രണ്ടു തവണ ഗ്രനേഡും ഒരു തവണ കണ്ണീര്‍വാതകവും പ്രയോഗിച്ചു. ലാത്തി കൊണ്ടുള്ള കുത്തേറ്റ് സന്ദീപ് എന്ന പ്രവര്‍ത്തകന് ശ്വാസംമുട്ടലുണ്ടാവുകയും വിഷ്ണു എന്നയാളുടെ തല പൊട്ടുകയും ചെയ്തു.
ചിതറിയോടിയ ഡിവൈഎഫ്.ഐക്കാര്‍ താമസിയാതെ സംഘടിച്ച് തിരിച്ചെത്തി സെക്രട്ടേറിയറ്റിനു മുന്നില്‍ കൂടിനിന്ന് പോലീസുമായി പോര്‍വിളി നടത്തിയതോടെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി സ്ഥലത്തെത്തി. മുഖ്യമന്ത്രി രാജി വയ്ക്കാതെ പ്രക്ഷോഭം നിര്‍ത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.