മീശ പിരിച്ചുകാട്ടി ഹോട്ടലുകളില്‍ നിന്നും മോഷണം നടത്തുന്ന രതീഷ് പിടിയില്‍

കാക്കനാട്‌| WEBDUNIA| Last Modified ചൊവ്വ, 25 ജൂണ്‍ 2013 (11:24 IST)
PRO
ഹോട്ടലുകളില്‍ കയറി ആഹാരം കഴിച്ചശേഷം വില കൂടുതലായതിന്റെയോ രുചികേടിന്റെയോ പേരില്‍ വഴക്കുണ്ടാക്കി പിരിച്ചുകാട്ടി പിന്നെ അവിടെ മോഷണം നടത്തുകയും ചെയ്യുന്ന വൈക്കം വടയാര്‍ വെളയങ്ങാട്ട്‌ വീട്ടില്‍ രതീഷ്‌ പിടിയിലായി.

തൃക്കാക്കര അസിസ്റ്റന്റ്‌ കമ്മീഷണര്‍ ബിജോ അലക്സാണ്ടറുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ സിഐ ബൈജു പൗലോസ്‌, എസ്‌ഐ പി ആര്‍ സന്തോഷ്‌ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം പിടികൂടി. പതിന്നാലു വര്‍ഷമായി കാസര്‍ഗോഡ്‌ പാണത്തൂര്‍ തുരുമ്പുകാലായില്‍ താമസിക്കുകയായിരുന്നു.

ധര്‍മക്ഷേത്രേ കുരുക്ഷേത്രേ, മല്ലനും മാതേവനും തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട രതീഷ്‌ കൊലപാതക കേസിലും കഴിഞ്ഞ 30 വര്‍ഷത്തിനിടെ വിവിധ ജില്ലകളിലായി ഇരുന്നൂറിലേറെ മോഷണക്കേസുകളിലും പ്രതിയാണെന്നുപൊലീസ്‌ പറഞ്ഞു. ആറു മാസമായി എറണാകുളം ജില്ല കേന്ദ്രീകരിച്ചാണു മോഷണം നടത്തിവന്നത്‌.

മൂന്നു ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം. തൃപ്പൂണിത്തുറ പേട്ടയിലെ റോയല്‍ ബേക്കറി, വൈറ്റിലയിലെ നാലുകെട്ട്‌ റസ്റ്ററന്റ്‌, ആലുവയിലെ സൈന ബേക്കറി, എറണാകുളം എംജി റോഡിലെ ഗോകുലം ഹോട്ടല്‍, അത്താണിയിലെ ടൂറിസ്റ്റ്‌ ഹോം, അങ്കമാലിയില്‍ സൂര്യ ഇന്റര്‍നാഷണല്‍ എന്നിവിടങ്ങളില്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പിന്‍തുടര്‍ന്ന അന്വേഷണ സംഘം കോഴിക്കോട്‌ പാളയത്തിനടുത്തുള്ള രതീഷിന്റെ രഹസ്യസങ്കേതം കണെ്ടത്തി.

കോഴിക്കോട്‌ രഹസ്യകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകള്‍ അടക്കം മോഷണമുതല്‍ കണെ്ടടുത്തിട്ടുണ്ട്‌. റബര്‍ മോഷണം പതിവാക്കിയിരുന്ന പ്രതി അതു വിറ്റഴിക്കാനുള്ള ബുദ്ധിമുട്ട്‌ ഒഴിവാക്കാനാണു മുന്തിയ ഹോട്ടലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയതെന്നു ചോദ്യം ചെയ്യലില്‍ പൊലീസിനു മൊഴി നല്‍കി.

മോഷ്ടിച്ച പണം ഉപയോഗിച്ചു കര്‍ണാടകയില്‍ സ്ഥലം വാങ്ങിക്കൂട്ടുകയും ഓട്ടോറിക്ഷകള്‍ വാങ്ങി കാസര്‍ഗോഡ്‌ ദിവസ വാടകയ്ക്കു നല്‍കുകയും ചെയ്തു. ഓട്ടോയുടെ വാടക പ്രതിയുടെ ഭാര്യയുടെ ബാങ്ക്‌ അക്കൗണ്ടിലേക്കു നിക്ഷേപിക്കുകയാണു പതിവ്‌. താന്‍ കൊലക്കേസില്‍ പിടിക്കപ്പെട്ടാല്‍ ജയില്‍ മോചിതനാകുംവരെ കുടുംബത്തിനു സുഖമായി കഴിയാനുള്ള പണം സ്വരൂപിക്കാനായാണു മോഷണം നടത്തിവന്നതെന്നാണു പ്രതി വിശദീകരിച്ചതെന്നു പൊലീസ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :