മാവോയിസ്റ്റ് നേതാവ് രൂപേഷ് പൊലീസിന്റെ പിടിയിലായി

കോയമ്പത്തൂര്| JOYS JOY| Last Modified ചൊവ്വ, 5 മെയ് 2015 (07:56 IST)
മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയും പൊലീസ് പിടിയിലായി. ഇവര്‍ക്കൊപ്പം മലയാളിയായ അനൂപ് ഉള്‍പ്പെടെ അഞ്ചു പേര്‍ കൂടി പൊലീസ് പിടിയിലായിട്ടുണ്ട്. കോയമ്പത്തൂരില്‍ വെച്ച് കേരള - കര്‍ണാടക - ആന്ധ്ര പൊലീസിന്റെ സംയുക്ത സംഘമാണു പിടികൂടിയത്.

ഇവരെക്കൂടാതെ തമിഴ്‌നാട് സ്വദേശി ഭുവനചന്ദ്രന്‍ (കണ്ണന്‍), വീരമണി എന്ന ഈശ്വര്‍ എന്നിവരാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോയമ്പത്തൂരിന്
അടുത്തു കരുമറ്റംപെട്ടി എന്ന സ്ഥലത്തു രഹസ്യയോഗം ചേരുന്നതിനിടെ കേരള - കര്‍ണാടക - ആന്ധ്ര പൊലീസിന്റെ സംയുക്ത സംഘമാണു ഇവരെ പിടികൂടിയത്. തമിഴ്‍നാട്ടിലെ പീളമേടിലെ ക്യു ബ്രാഞ്ച് റൂറല്‍ ഓഫീസില്‍ ഇവരെ ചോദ്യം ചെയ്യുകയാണ്.

കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിച്ചിരുന്ന വ്യക്തിയായിരുന്നു രൂപേഷ്. മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പൊലീസ് രൂപേഷിനെ അന്വേഷിച്ചു വരികയായിരുന്നു.

2008ലാണു രൂപേഷ് ഒളിവില്‍പ്പോയത്. നിരവധി തവണ പൊലീസിന്റെ കൈയില്‍ നിന്നു തലനാരിഴയ്ക്കു രൂപേഷ് രക്ഷപ്പെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :