മാറാട് കലാപം: കൈതപ്രത്തെ ചോദ്യം ചെയ്തു

കോഴിക്കോട്| WEBDUNIA|
PRO
PRO
രണ്ടാം മാറാട് കലാപത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കലാപമുണ്ടായതിന് ശേഷം കൈതപ്രം മാറാട് സന്ദര്‍ശിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ മാത്രമാണ് താന്‍ മാറാട് എത്തിയതെന്നാണ് കൈതപ്രം അന്വേഷണ സംഘത്തോട് പറഞ്ഞത്. വ്യവസായി ആയ ഗള്‍ഫാര്‍ മുഹമ്മദലിയുടെ നിര്‍ദ്ദേശപ്രകാരം മാറാടെത്തി താന്‍ സഹായവാഗ്ദാനം നല്‍കിയതായും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയാണ് താന്‍ മടങ്ങിയതെന്നും കൈതപ്രം വ്യക്തമാക്കി.

കലാപവുമായി ബന്ധപ്പെട്ട് അനേകം ആളുകളില്‍ നിന്ന് മൊഴിയെടുക്കുന്നതിനിടെ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകനാണ് കൈതപ്രം മാറാട് സന്ദര്‍ശിച്ച കാര്യം അന്വേഷണസംഘത്തോട് പറഞ്ഞത്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. കൈതപ്രം പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ, ചോദ്യം ചെയ്യലിന്റെ പേരില്‍ ക്രൈംബ്രാഞ്ച് തന്നെ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് കൈതപ്രം മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :