മാടക്കാല്‍ തൂക്കുപാലം തകര്‍ന്നത് അന്വേഷിക്കും: മന്ത്രി അടൂര്‍ പ്രകാശ്

കാസര്‍ഗോഡ്| WEBDUNIA| Last Modified വ്യാഴം, 11 ജൂലൈ 2013 (13:34 IST)
PRO
തൃക്കരിപ്പൂര്‍ വലിയപറമ്പ് ദ്വീപിലെ മടക്കാല്‍-വടക്കേവളവ് തൂക്കുപാലം തകര്‍ന്നതിനെ തുടര്‍ന്ന് നിര്‍മ്മാണത്തിലെ സാങ്കേതികവശങ്ങള്‍ പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും കാസര്‍ഗോഡ് എല്‍.ബി.എസിന് റവന്യൂവകുപ്പുമന്ത്രി അടൂര്‍ പ്രകാശ് നിര്‍ദ്ദേശം നല്‍കി.

കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജീനിയറിംങ് കമ്പനിക്ക് ബാക്കി നല്‍കുവാനുള്ള പണം തടഞ്ഞുവയ്ക്കുന്നതിന് തീരുമാനിച്ചതായും റവന്യൂവകുപ്പുമന്ത്രി അറിയിച്ചു. മാടക്കാല്‍ തൂക്കുപാലത്തിന്റെ നിര്‍മ്മാണത്തില്‍ സാങ്കേതിക പിഴവുണ്ടായിരുന്നതാണ് പതനത്തിനു കാരണമെന്ന കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുളളതുമെന്ന് മന്ത്രി പറഞ്ഞു.

310 മീറ്റര്‍ നീളമുണ്ടായിരുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലമായിരുന്ന മാടക്കല്‍ തൂക്കുപാലം കഴിഞ്ഞ മാസം 27-നാണ് തകര്‍ന്ന് വീണത്. 3.93 കോടി രൂപയായിരുന്നു ഇതിന്റെ മുതല്‍മുടക്ക്. അന്വേഷണത്തിനായി പാലത്തിന്റെ ഡിസൈന്‍ ഡീറ്റയില്‍സ് നല്‍കുവാന്‍ 'കെല്ലി'നോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികളെടുക്കുന്നതിനും കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാലം തകര്‍ന്നതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ബോട്ട് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചെലവ് വഹിക്കാന്‍ 'കെല്ലി'നോട് ആവശ്യപ്പെടും. കൂടാതെ കാസര്‍ഗോഡ് പടന്നയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തൂക്കുപാലത്തിന്റെ ഭദ്രത ഉറപ്പ് വരുത്തുന്നതിനും നടപടികളെടുക്കുമെന്ന് മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :