സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴയത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. ഇതില്‍ നാലുപേര്‍ ഒഴുക്കില്‍പ്പെട്ടും രണ്ടുപേര്‍ ഷോക്കേറ്റുമാണ് മരിച്ചത്. മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ കൃഷിനാശം സംഭവിച്ചു. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്.
ശക്തമായ മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കോഴിക്കോട് എട്ടു ബോട്ടുകള്‍ ഒലിച്ചുപോയി. ചാലിയാറിലെ മലവെള്ളപ്പാച്ചിലില്‍ ഉള്‍പ്പെട്ട് ബേപ്പൂര്‍ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന എട്ട് ബോട്ടുകള്‍ ആണ് ഒലിച്ചുപോയത്. മധ്യകേരളത്തില്‍ കോട്ടയം, ഈരാറ്റുപേട്ട മൂന്നിലവില്‍ ഉരുള്‍പൊട്ടി അഞ്ചു വീടുകള്‍ തകര്‍ന്നു. ഇവിടെ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ കൂത്താട്ടുകുളത്ത് തച്ചില്‍ ഡോണ്‍ ഡേവിഡ് (25) ഒഴുക്കില്‍പ്പെട്ടും ഇടുക്കി ജില്ലയില്‍ വെള്ളുമറ്റം പോളശ്ശേരി ആന്‍റണി (73) കുളിക്കാനിറങ്ങവേ കാല്‍വഴുതി വെള്ളത്തില്‍ വീണും മരിച്ചു. ഇതിനിടെ, പമ്പാനദിയില്‍ മീന്‍ പിടിക്കാനിറങ്ങി വെള്ളിയാഴ്ച കാണാതായ ചെങ്ങന്നൂര്‍ പാണ്ടനാട് വടക്ക് മുറിയായിക്കര പരുത്തിക്കുഴിയില്‍ വീട്ടില്‍ എന്‍ ചന്ദ്രന്‍റെ (55) മൃതദേഹം ഞായറാഴ്ച കണ്ടെത്തി.
പത്തനംതിട്ട തിരുവല്ല ഓതറ കുളഞ്ഞിയില്‍ സാമുവല്‍ (60), മകന്‍ മോന്‍സി (40) എന്നിവരാണ് വള്ളത്തില്‍ പോകവേ ഷോക്കേറ്റ് മരിച്ചത്. കോഴിക്കോട്ട് കാലവര്‍ഷക്കെടുതിയില്‍ പുതിയങ്ങാടി ഭട്ട് റോഡ് തുമ്പിരുമ്പ് പറമ്പില്‍ സുനില്‍ബാബു(39) മരിച്ചു. പാലക്കാട് കരിമ്പരുപ്പനാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കരിമ്പ പാലശ്ശേരി അബ്ദുനാസറിന്‍റെ ഭാര്യ റംലത്തിനെ (30) കാണാതായി.
ഇടുക്കി ജില്ലയില്‍ 11 വീടുകള്‍ കനത്ത മഴയില്‍ തകര്‍ന്നു. ആലപ്പുഴജില്ലയില്‍ ഞായറാഴ്ച 49 വീടുകള്‍ തകര്‍ന്നു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഭാഗങ്ങളില്‍ കടലാക്രമണം തുടരുകയാണ്. കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ ആലക്കോട് കണിയഞ്ചല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‍റെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞു.
മഴയെ തുടര്‍ന്ന് വയനാട്ടില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. മൈസൂര്‍ റോഡില്‍ മാനന്തവാടി-ഒണ്ടയങ്ങാടിയില്‍ മരം കടപുഴകി വീണ് ഗതാഗതം മുടങ്ങി. കൊല്ലം ജില്ലയില്‍ ഇരവിപുരം, താന്നിമേഖലകളില്‍ 20 വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. മലപ്പുറം ജില്ലയില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്.