മഴ തകര്‍ക്കുന്നു; വൈദ്യുതി ഉത്പാദനം സര്‍വ്വകാല റെക്കോഡില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കനത്തമഴയെതുടര്‍ന്ന് ജലസംഭരണികള്‍ നിറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം സര്‍വ്വകാല റെക്കോഡില്‍. ബുധനാഴ്ച്ച മാത്രം 38.24 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇതില്‍ ഇടുക്കിയില്‍ നിന്ന് 14.58 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിച്ചു. ആദ്യമായാണ് കേരളത്തില്‍ ഒരു ദിവസം ഇത്രയും വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പത്ത് ഡാമുകള്‍ തുറന്നുവിട്ടിരുന്നു. ഇടമലയാര്‍, കുറ്റിയാടി, നേര്യമംഗലം, പെരിങ്ങല്‍കുത്ത്, ലോവര്‍ പെരിയാര്‍, ഷോളയാര്‍, തര്യോട്, തെന്മല, നെയ്യാര്‍, പൊന്‍മുടി എന്നീ ഡാമുകളാണ് തുറന്നുവിട്ടത്.

ഇടുക്കി അണക്കെട്ട് തുറന്നുവിടുന്നത് ഒഴിവാക്കാനാണ് വൈദ്യുതി ഉത്പാദനം പരമാവധിയിലെത്തിച്ചത്. അതേസമയം ഇടുക്കി അണക്കെട്ട് തുറന്നുവിടില്ലെന്ന് ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ അറിയിച്ചത് ആശങ്ക കുറച്ചിട്ടുണ്ട്.

കനത്ത മഴക്ക് അല്‍പം ശമനം ലഭിച്ചതോടെ ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍. 2408.5 അടിയാണ് ഇടുക്കി ഡാമിന്റെ പൂര്‍ണ സംഭരണശേഷി. നിലവില്‍ 2395 അടിവെള്ളമുണ്ട്. 2403 അടിയെത്തിയാല്‍ വെള്ളം തുറന്നുവിടേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :