മറുപടിയില്‍ തൃപ്തിയില്ല, മാനനഷ്ടക്കേസില്‍ നിന്നും പിന്നോട്ടില്ലെന്നും എന്‍എസ്‌എസ്
കോട്ടയം|
WEBDUNIA|
Last Modified വെള്ളി, 21 ജൂണ്‍ 2013 (11:53 IST)
PRO
ചന്ദ്രിക ദിനപത്രത്തിനെതിരെയുളള മാനനഷ്‌ടക്കേസില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് എന്‍എസ്‌എസ്. പത്രത്തിനയച്ച വക്കീല്‍ നോട്ടീസിന് ലഭിച്ച മറുപടിയില്‍ തൃപ്‌തിയില്ല. നിയമനടപടികളില്‍ നിന്ന് സമ്മര്‍ദത്തിനു വഴങ്ങി പിന്‍മാറില്ല എന്നും ബജറ്റ് സമ്മേളനത്തിന്റെ പ്രമേയത്തില്‍ പറയുന്നു.
ജൂണ്‍ രണ്ടിന് ലീഗ് മുഖപത്രത്തില്‍ വന്ന ലേഖനത്തിലൂടെ നായര്‍സമുദായത്തെയും എന്‍എസ്എസിനെയും മന്നത്ത് പത്മനാഭനെയും മുന്‍കാല നേതാക്കളെയും ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയെയും അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നാണ് നോട്ടീസിലെ ആരോപണം.
എന്‍എസ്‌എസിനെതിരെ അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ച ചന്ദ്രിക ഖേദം പ്രകടിപ്പിച്ചിരുന്നു. എന്‍എസ്എസിനെ വിമര്‍ശിച്ചുള്ള പംക്തി എഴുതിയത് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ എ പി കുഞ്ഞാമുവാണെന്നും പത്രം വിശദീകരിക്കുന്നു.
മുസ്‌ലിംലീഗിന്റെ അറിവോടെയോ നിര്‍ദ്ദേശത്തോടെയോ സംഭവിച്ച ഒന്നല്ല ആ ലേഖനം. വേറെയൊരാള്‍ എഴുതിയ ഒരു കുറിപ്പിന്റെ പേരില്‍ സാമുദായിക സ്പര്‍ധ വളര്‍ത്തുംവിധം ചില മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്ത് വൈരം കൂട്ടാന്‍ ശ്രമിച്ചത് ഖേദകരമാണ്.
ചാനലുകള്‍ അടക്കമുള്ള മാധ്യമങ്ങള്‍ രാഷ്ട്രീയ നേതാക്കളെയും സമുദായ നേതാക്കളെയും കളിയാക്കാനും പരിഹസിക്കാനുമുള്ള സ്വാതന്ത്ര്യം യഥേഷ്ടം ഉപയോഗിക്കുമ്പോള്‍ ചന്ദ്രികയ്ക്ക് അതൊട്ടും പാടില്ലെന്ന് ശഠിക്കുന്ന മാധ്യമ ഫാസിസത്തില്‍ തങ്ങള്‍ക്ക് പ്രതിഷേധമുണ്ട് എന്നും ചന്ദ്രിക പറഞ്ഞുവയ്ക്കുന്നു.
'പുതിയ പടനായര്‍' എന്ന തലക്കെട്ടോടെയായിരുന്നു എന്‍എസ്‌എസിനെതിരെയും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെയും ലേഖനത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.