മന്ത്രിസഭയെ താഴെയിറക്കാമെന്ന് ആരും മന:പായസമുണ്ണേണ്ടെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
PRO
മന്ത്രിസഭയെ താഴെയിറക്കാമെന്ന് ആരും മന:പായസമുണ്ണേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരെങ്കിലും കൈകാണിച്ചാല്‍ വീഴുന്ന സര്‍ക്കാരല്ല ഇത്.പാര്‍ട്ടി പറയുന്നടിത്തോളം കാലം താന്‍ തുടരുമെന്നും പാര്‍ട്ടി പറഞ്ഞാല്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

സോളാര്‍വിവാദവുമായി ബന്ധപ്പെട്ട സിസിടിവി പരിശോധനയില്‍ നിന്ന് ഒളിച്ചോടിയത് പ്രതിപക്ഷമാണെന്നും ഉമ്മന്‍‌ചാണ്ടി ആരോപിച്ചു.സോളാര്‍കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ യാതൊരു തരത്തിലും ഇടപെടില്ല.

അന്വേഷണത്തില്‍ പോരായ്മയുള്ളവര്‍ക്ക് അത് ചൂണ്ടിക്കാട്ടാം. പരിശോധിച്ച ശേഷം സര്‍ക്കാര്‍നടപടി സ്വീകരിക്കും. ജനാധിപത്യ വ്യവസ്ഥയില്‍ സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ വന്ന സർക്കാരിനെ തള്ളിയിടാന്‍സമരം നടത്തുന്നത് ശരിയാണോയെന്ന് പ്രതിപക്ഷം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറന്മുള വിമാനത്താവളത്തിനായി സര്‍ക്കാര്‍ മുന്നോട്ട് പോവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന് ആരോപണമുയരുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇനി അവിടെ പാരിസ്ഥിതിക പ്രശ്നമുണ്ടാവുകയില്ലെന്നും പാരിസ്ഥിതിക പ്രശ്നം അവിടെ മുന്‍പ് തന്നെ ഉണ്ടായിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുമിളിയില്‍ അഞ്ചു വയസുകാരന്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്ത്വത്തില്‍ കമ്മറ്റി രൂപവത്ക്കരിക്കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചതായി ഉമ്മന്‍ചാണ്ടി അറിയിച്ചു.

കാര്‍ഷിക സര്‍വകലാശാല ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ആക്കാനും തീരുമാനിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷത്തെ അധ്യാപനത്തിനായി 108 പോസ്റ്റുകള്‍ പുതിയതായി അനുവദിച്ചു. തിരുവനന്തപുരത്ത് പുതിയ പൊലീസ് സ്‌റ്റേഷന്‍ തുടങ്ങും.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടുള്ള ട്രാഫിക്ക് യൂണിറ്റ്, ട്രാഫിക്ക് പൊലീസ് സ്‌റ്റേഷനാക്കാനും തീരുമാനിച്ചു. അടുത്ത വര്‍ഷം മുതല്‍ ബിഎഡ് കോഴ്‌സ് രണ്ട് വര്‍ഷമാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :