മന്ത്രിയായി തുടരണോയെന്ന് തിരുവഞ്ചൂര്‍ സ്വയം തീരുമാനിക്കണം; സ്ഥാനമൊഴിയണമെന്നാണ് പൊതുവികാരമെന്ന് കെ സുധാകരന്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഭരണരംഗത്തെ പാളിച്ചകള്‍ തിരുത്താത്ത പക്ഷം മന്ത്രിയായി തുടരണോയെന്ന് തിരുവഞ്ചൂര്‍ സ്വയം തീരുമാനിക്കണമെന്ന് കെ സുധാകരന്‍ എംപി. തിരുവഞ്ചൂര്‍ സ്ഥാനമൊഴിയണമെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരമെന്നും സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്നും തിരുവഞ്ചൂര്‍ ഉടന്‍ ഒഴിയണം. ഇല്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കിത് ദോഷം ചെയ്യും. സംസ്ഥാനത്ത് പാര്‍ട്ടിയുടെ നിലവിലെ സ്ഥിതിഗതികള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും കെ സുധാകരന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ടിപി കേസിന്റെ അന്വേഷണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചെന്നും അന്വേഷണം പി മോഹനന്‍ മാസ്റ്റര്‍ക്കപ്പുറത്തേക്ക് പോയില്ലെന്നും ഇത് ആരെ സഹായക്കാനെന്ന് വ്യക്തമാണെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

മന്ത്രിമാര്‍ പ്രവര്‍ത്തകരുടെ ദാസന്മാരാണെന്നും പാര്‍ട്ടിക്ക് വേണ്ടാത്ര മന്ത്രിക്ക് നിലനില്‍പ്പില്ലെന്നും സുധാകരന്‍ അന്ന് പറഞ്ഞിരുന്നു. തിരുവഞ്ചൂര്‍ രാജി വെക്കണമെന്നും ഇല്ലെങ്കില്‍ മന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പോരായ്മകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പരിഹാസത്തിന്റെ ഭാഷയിലാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. എന്തിനാണ് ടിപി കേസ് രണ്ട് ഘട്ടമായി തിരിച്ചതെന്നും സുധാകരന്‍ ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :