കുട്ടിയെ മാതാപിതാക്കളുടെ അടുത്തേക്കെത്തിക്കാന്‍ വിസമ്മതിച്ച വിമാനക്കമ്പനിക്ക് പിഴ
കോട്ടയം|
WEBDUNIA|
PRO
രണ്ടുവയസുകാരിയെ മാതാപിതാക്കളുടെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നിഷേധിച്ച എത്തിഹാദ് എയര്‍വേയ്സ് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന സോണിയാ ഫ്രാന്‍സിസ്- ബോബി കുര്യന്‍ ദന്പതികളുടെ മകള്‍ എവലിന്‍ ബോബിക്കാണ് വിമാനക്കമ്പിനി യാത്രാനുമതി നിഷേധിച്ചത്.
എവലിന്‍ ജനിച്ചത് അയര്‍ലന്‍ഡിലാണ്. തണുപ്പ് കഠിനമായപ്പോള്‍ സോണിയ മകളെ ജന്മനാടായ കോട്ടയം കാളകെട്ടിയിലുള്ള ഇലഞ്ഞിമറ്റം വീട്ടില്‍ പിതാവിനും മാതാവിനും ഒപ്പമാക്കി മടങ്ങി. മകളെ പിരിഞ്ഞിരിക്കാന്‍ വയ്യാതായപ്പോള്‍ തിരികെ കൊണ്ടുവരാന്‍ സോണിയയും ബോബിയും തീരുമാനിച്ചു.
സുഹൃത്തുക്കളായ ഷിബി ജോര്‍ജ്ജും ഉലഹന്നാന്‍ തോമസും നാട്ടില്‍ നിന്ന് അയര്‍ലന്‍ഡിലെത്തുമ്പോള്‍ കുട്ടിയെ കൊണ്ടുവരാനായിരുന്നു തീരുമാനം. കുട്ടിയുമൊത്ത് നെടുന്പാശ്ശേരി എയര്‍പോര്‍ട്ടിലെ എത്തിഹാദ് എയര്‍വേയ്സിന്റെ ചെക്ക് ഇന്‍ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഓതറൈസേഷന്‍ ലെറ്റര്‍ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് കുട്ടിക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചു.
എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ നഷ്ടപരിഹാരം തേടി സമര്‍പ്പിച്ച കേസിലാണ് വിധിയുണ്ടായത്. നഷ്ടപരിഹാര തുക ഒരു മാസത്തിനകം നല്‍കണമെന്നും അല്ലെങ്കില്‍ 12 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവായി. വാദികള്‍ക്ക് വേണ്ടി അഭിഭാഷകരായ എസ്. അശോകന്‍, പ്രസാദ് ജോസഫ് എന്നിവര്‍ ഹാജരായി.