മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഹാജരാകാവാതിരുന്ന എസ്ഐക്ക് പിഴ. നിരവധി നോട്ടീസുകള്‍ അയച്ചിട്ടും സിറ്റിംഗില്‍ പങ്കെടുക്കാന്‍ തയ്യാറാവാതിരുന്നതിനാലാണ് സബ് ഇന്‍സ്പെക്ടര്‍ക്ക് പിഴ വിധിച്ചത്.
എറണാകുളം പനങ്ങാട് എസ്ഐ വിപിനെതിരെയാണ് പിഴ വിധിച്ചത്. പിഴ വിധിച്ചതിനെ തുടര്‍ന്ന് പിഴ തുകയായ 500 രൂപ എസ്ഐയുടെ ശമ്പളത്തില്‍നിന്ന് ഈടാക്കിയശേഷം ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനില്‍ അടയ്ക്കുകയും ചെയ്തു.
സംഭവം ഇങ്ങനെ: തന്‍റെ മകനെയും ഭാര്യയേയും മര്‍ദ്ദിച്ച അയല്‍വാസിക്കെതിരെ പരാതി നല്‍കിയെങ്കിലും അയല്‍വാസിക്ക് അനുകൂലമായാണ് എസ്ഐ നിലപാട് എടുത്തതെന്ന് മരട് നൊട്ടൂരിലെ വികെ സോമന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. അയല്‍വാസി പറഞ്ഞതനുസരിച്ച് തന്‍റെ മകനെ അറസ്റ്റ് ചെയ്യുകയും മൂന്നാം മുറ പ്രയോഗിച്ചതായും സോമന്‍ പരാതി നല്‍കി.
ഇതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ സിറ്റിംഗില്‍ ഹാജരാവാന്‍ നിരവധി തവണ എസ്ഐ വിപിനോട് ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്ന് വിപിനെതിരെ കേസെടുത്ത് അന്വേഷണം നടത്താനും പരാതിക്കാരനായ സോമന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാനും കമ്മീഷന്‍ അധ്യക്ഷന്‍ ജെ ബി കോശി ഉത്തരവിട്ടിരുന്നു. ഈ തുക എസ് ഐ വിപിന്‍റെ ശമ്പളത്തില്‍നിന്ന് 10 തവണയായി ഈടാക്കാനും ഉത്തരവിട്ടു.