ലൈംഗികാരോപണ കേസ്: ആരോപണം കേട്ടപ്പോള്‍ തകര്‍ന്നുപോയെന്ന് ജസ്റ്റിസ് ഗാംഗുലി
കൊല്‍ക്കത്ത|
WEBDUNIA|
PRO
PRO
ലൈംഗിക ആരോപണം കേട്ടപ്പോള്‍ താന്‍ തകര്‍ന്നുപോയെന്ന് ജസ്റ്റിസ് എ കെ ഗാംഗുലി. സുപ്രീംകോടതിയുടെ ഇടപെടല്‍ നീതിപൂര്‍വകമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനം രാജിവെച്ചത് കുറ്റസമ്മതമല്ലെന്നും ജസ്റ്റിസ് എ കെ ഗാംഗുലി പറഞ്ഞു. തന്റെ വിദ്യാര്‍ത്ഥിയായിരുന്ന ഒരാളെ നിയമപരമായി നേരിടാന്‍ ഉദ്ദേശിക്കുന്നില്ല.
അതിലും ഭേദം ജയിലില്‍ പോകുന്നതാണ്. യുവ അഭിഭാഷകക്ക് നല്ലത് മാത്രം വരണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും യുവ അഭിഭാഷകക്കെതിരെ അപകീര്‍ത്തി കേസ് കൊടുക്കുമോ എന്ന ചോദ്യത്തിന് ഗാംഗുലി പ്രതികരിച്ചു. ബംഗാളിലെ തന്റെ സാന്നിദ്ധ്യം മമത ബാനര്‍ജി ഇഷ്ടപ്പെട്ടിരുന്നില്ല. മമതയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും വിമര്‍ശിച്ചതിന്റെ പ്രതികാരം തീര്‍ക്കാനാണ് തന്നെ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മമത ആവശ്യപ്പെട്ടതെന്നും ഗാംഗുലി പറഞ്ഞു.
ജസ്റ്റിസ് എ കെ ഗാംഗുലിയുടെ പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി കഴിഞ്ഞ ദിവസം ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ അംഗീകരിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഗാംഗുലി രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയത്. തനിക്കെതിരായ ലൈംഗികാരോപണം അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങള്‍ നിഷേധിക്കുന്നതായും രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ജസ്റ്റിസ് ഗാംഗുലിയെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തുനിന്നും നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയതിനിടെയായിരുന്നു രാജി.
2012 ഡിസംബറില്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ വെച്ച് ജസ്റ്റിസ് ഗാംഗുലി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ബ്ലോഗ് കുറിപ്പിലൂടെയാണ് യുവ അഭിഭാഷക വെളിപ്പെടുത്തിയത്. ആരോപണം അന്വേഷിച്ച സുപ്രീം കോടതി സമിതി ജസ്റ്റിസ് ഗാംഗുലിക്കെതിരെ പ്രഥമ ദൃഷ്ടാ തെളിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായിരിക്കെ സ്വകാര്യ ആര്‍ബിട്രേഷന്‍ നടത്തി, അനുമതിയില്ലാതെ സന്നദ്ധസംഘടനയുടെ ചെലവില്‍ പാകിസ്താന്‍ സന്ദര്‍ശിച്ചു തുടങ്ങിയ ആരോപണങ്ങളും ജസ്റ്റിസ് ഗാംഗുലിക്കെതിരെ ഉയര്‍ന്നിട്ടുണ്ടായിരുന്നു.