മദ്യവും മയക്കുമരുന്നും യഥേഷ്ടം വേണോ? വിയ്യൂരിലേക്ക് പോയാല്‍ മതി. ഇപ്പോള്‍ കുറ്റവാളികള്‍ അടക്കം പറയുന്ന ഒരു വര്‍ത്തമാനമാണിത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുപുള്ളികള്‍ക്കിടയില്‍ മദ്യവും മയക്കുമരുന്നും സുലഭമായി ലഭിക്കും. സംഭവം സത്യമാണ്. കൊലക്കേസ് പ്രതികള്‍ക്ക് ജയിലനകത്ത് മദ്യമെത്തിച്ച താല്‍ക്കാലിക വാര്‍ഡറായ വിമുക്തഭടനെ പുറത്താക്കിയതാണ് അവസാന സംഭവം. കൂടാതെ ജയിലില്‍ പ്രതികള്‍ ഉപയോഗിക്കുന്ന ഒരു ഡസന്‍ മൊബൈല്‍ ഫോണുകളില്‍ രണ്ടെണ്ണം ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മദ്യവും മയക്കുമരുന്നു എത്തുന്നതായി സ്പെഷല്‍ബ്രാഞ്ചും ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കൊലക്കേസ് പ്രതികളായ കുഞ്ഞന്‍ രാഗേഷ്, സബിന്‍കുമാര്‍, വിനോബായി എന്നിവരാണ് മദ്യവും മൊബൈല്‍ ഫോണും ഉപയോഗിച്ചിരുന്നതായി ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. വിനോബായിയെ ചോദ്യംചെയ്തപ്പോള്‍ മദ്യത്തിന്റെ ഇടനിലക്കാരന് വാര്‍ഡര്‍ തന്നെയാണെന്ന് ബോധ്യപ്പെട്ടു. വിമുക്തഭടനായ താല്‍ക്കാലിക വാര്‍ഡനാണ് പ്രതികള്‍ക്ക് മദ്യം എത്തിച്ചത്. ഇയാളെ ജയിലില്‍നിന്ന് പുറത്താക്കി. കഞ്ചാവിന്റെ ഓയില്‍ സിഗരറ്റില്‍ പുരട്ടി തടവുപുള്ളികള്‍ വലിക്കുന്നതായും ജയില്‍ ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കോടതി ആവശ്യങ്ങള്‍ക്കായി പുറത്തേയ്ക്കു കൊണ്ടുപോകുമ്പോഴാണ് ലഹരിവസ്തുക്കളും മൊബൈല്‍ഫോണും തടവുപുള്ളികളുടെ കൈകളിലെത്തുന്നത്. കൊച്ചിയിലെ ഗുണ്ടാനേതാവ് ഭായി നസീറും സംഘവും ജയിലിനകത്ത് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായി വിവരം നല്‍കിയത് സഹതടവുകാരാണ്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ ജയില്‍ വ്യാപകമായ പരിശോധന നടത്തിയിരുന്നു. രണ്ടെണ്ണം മാത്രമാണ് കണ്ടെത്താനായത്. ജയിലിലെ മൊബൈല്‍ ഫോണ്‍ ജാമറുകള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതും തടവുപുള്ളികള്‍ക്ക് സഹായകരമായി. അങ്ങനെ നാട്ടിലേക്കാളും സുഖമായിട്ടാണ് ജയിലറകള്ക്കുള്ളില് ഇവരുടെ വിളയാട്ടം. ഭക്ഷണം വിശ്രമം, അത്യാവശ്യം ലഹരിയെല്ലാം കിട്ടുമ്പോള്‍ ജയില്‍വാസം സുഖകരമാണെന്നാണ് തടവുപുള്ളികള്‍ പറയുന്നത്.