തൃശൂര്‍|
Last Updated:
വെള്ളി, 18 മാര്‍ച്ച് 2016 (12:08 IST)
കലാഭവന്‍ മണി കഴിച്ച മദ്യത്തില്‍ മെഥനോള്‍ ബോധപൂര്‍വം കലര്‍ത്തിയിരുന്നതായി എക്സൈസിന്‍റെ പ്രാഥമിക നിഗമനം. നടനും അവതാരകനുമായ സാബുമോന്‍ തിരികെപ്പോകാനായി തിടുക്കം കാട്ടിയെന്ന് ഡ്രൈവര്‍ പീറ്റര്‍ മൊഴി നല്‍കി.
ബന്ധുക്കളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം വിപുലീകരിച്ചു. അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇപ്പോള്‍ മണിയുടെ ഏറ്റവും അടുത്ത സഹായികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, മണിയുടെ മുന്‍ ഡ്രൈവര്‍ പ്രദീപില്‍ നിന്നും പൊലീസ് ഇപ്പോള്‍ മൊഴിയെടുത്തു. മൂന്നുമാസം മുമ്പുവരെ മണിയുടെ ഡ്രൈവറായിരുന്നു ഇയാള്‍. കലാഭവന്‍ മണിക്ക് സുഹൃത്തുക്കള്‍ മദ്യം എത്തിച്ചിരുന്നതായി മണിയുടെ ഭാര്യ നിമ്മിയും വെളിപ്പെടുത്തിയിട്ടുണ്ട്.
കൂട്ടം കൂടിയിരുന്ന് മദ്യം കഴിച്ചെങ്കിലും മണിയുടെ ശരീരത്തില്‍ മാത്രം മീതൈല്‍ ആല്‍ക്കഹോളിന്‍റെ അംശം എങ്ങനെ വന്നു എന്നതായാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. മണിയെ കാണാനെത്തിയ നടന്‍ സാബുമോന്‍ മദ്യപിച്ചിരുന്നതായി മണിയുടെ ഡ്രൈവര്‍ പീറ്റര്‍ മൊഴി നല്‍കി. സാബുവിനെ താനാണ് കൊച്ചിയില്‍ കൊണ്ടുപോയി വിട്ടത്. തിരികെപ്പോകാനായി സാബു തിടുക്കം കാട്ടിയെന്നും ഡ്രൈവര്‍ മൊഴി നല്‍കി.
താന്‍ മദ്യപിച്ചിരുന്നില്ലെന്നും മണി മദ്യപിക്കുന്നത് താന്‍ കണ്ടില്ലെന്നുമാണ് സാബു നേരത്തേ പൊലീസിന് മൊഴി നല്‍കിയതും മാധ്യമങ്ങളോട് പറഞ്ഞതും. അതിന് നേരേ വിരുദ്ധമായാണ് ഇപ്പോള്‍ ഡ്രൈവറുടെ മൊഴി വന്നിരിക്കുന്നത്.
എന്തായാലും രാസപരിശോധനാ ഫലം വന്നാല്‍ മാത്രമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് അന്വേഷണോദ്യോഗസ്ഥര്‍ തന്നെ പറയുന്നു.