Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (14:29 IST)
മലയാളത്തില്‍ അടുത്ത കാലത്ത് മെഗാഹിറ്റായ സിനിമകള്‍ക്കെല്ലാം പൊതുവായ ഒരു സ്വഭാവമുണ്ട്. എല്ലാ സിനിമകളിലും നല്ല കോമഡി രംഗങ്ങള്‍. രസകരമായ മുഹൂര്‍ത്തങ്ങള്‍. പ്രേക്ഷകരെ ചിരിപ്പിക്കുന്ന സിനിമകളേ ഹിറ്റാകൂ എന്നൊരു ധാരണ ഇതോടെ പരന്നു. വലിയ ട്രാജഡി സിനിമയായ എന്ന് നിന്‍റെ മൊയ്തീന്‍ പോലും മൊയ്തീന്‍ എന്ന കഥാപാത്രത്തിന്‍റെ രസകരമായ ജീവിതത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്.
അപ്പോള്‍ വിജയഫോര്‍മുല എന്നത് കോമഡിയുണ്ടാവുക എന്നതാണോ? അങ്ങനെയെങ്കില്‍ അതൊന്ന് പൊളിച്ചെഴുതാന്‍ തന്നെയാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്‍റെ തീരുമാനം. മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയായ ‘ഒപ്പം’ പ്രേക്ഷകരെ ടെന്‍ഷനടിപ്പിക്കുമെന്ന് ഉറപ്പ്.
ചിത്രത്തില്‍ അന്ധനായ ഒരു കഥാപാത്രമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അയാളില്‍ ഒരു കൊലപാതകം ആരോപിക്കപ്പെടുന്നു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും പൊലീസും അയാളെ വേട്ടയാടാനിറങ്ങുന്നു. അതോടെ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനുള്ള ഉത്തരവാദിത്തം അയാളിലേക്കുതന്നെ വന്നുചേരുന്നു. ഓരോ നിമിഷവും ടെന്‍ഷനടിപ്പിക്കുന്ന സസ്പെന്‍സ് ത്രില്ലര്‍ മെഗാഹിറ്റാകുമെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
'ആരോ ഒരാള്‍ ഒപ്പമുണ്ട്, നിഴല്‍ പോലെ’ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ഒപ്പത്തിന്‍റെ ആദ്യലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. വാക്കിംഗ് സ്റ്റിക്കും കൂളിംഗ് ഗ്ലാസുമായി അന്ധന്‍ കഥാപാത്രമായി നില്‍ക്കുന്ന മോഹന്‍ലാലും അദ്ദേഹത്തിന്‍റെ പിന്നില്‍ വാളുയര്‍ത്തി നില്‍ക്കുന്ന നിഴലുമാണ് പോസ്റ്ററിലുള്ളത്.
വിമലാരാമനാണ് ചിത്രത്തിലെ നായിക. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഏകാംബരമാണ് ഛായാഗ്രഹണം. ഓണം റിലീസായാണ് ‘ഒപ്പം’ പ്ലാന്‍ ചെയ്തിരിക്കുന്നത്.