ഭാഷകള്‍ പലതെങ്കിലും ഇന്ത്യന്‍ സാഹിത്യം ഒന്നുതന്നെ: സച്ചിദാനന്ദന്‍

തൃശൂര്‍| WEBDUNIA|
PRO
PRO
പല ഭാഷകളില്‍ എഴുതപ്പെട്ടതാണെങ്കിലും ഇന്ത്യന്‍ സാഹിത്യം ഒന്നു തന്നെയാണെന്ന് സച്ചിദാനന്ദന്‍. ഇന്ത്യയെക്കുറിച്ചുള്ള ഫെഡറല്‍ സങ്കല്‍പം പോലെ തന്നെയാണ്‌ ഇന്ത്യന്‍ ഭാഷകളെക്കുറിച്ചുള്ള സങ്കല്‍പവുമെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി ദേശീയ പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ 'പ്രഭാഷണം-മുഖാമുഖം' പരിപാടിയില്‍ 'ഇന്ത്യന്‍ സാഹിത്യം ഒന്നോ പലതോ' എന്ന വിഷയം അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു സച്ചിദാനന്ദന്‍.

വൈശിഷ്ട്യം, പ്രതിഭ, സവിശേഷത, സാഹിത്യനിര്‍മ്മാണം, അപൂര്‍വ്വഭാവന, പരിസരബോധം എന്നിങ്ങനെ പല വ്യത്യാസങ്ങളും സാമ്യങ്ങളും ഇന്ത്യന്‍ ഭാഷകളില്‍ കാണാം. ചില ഭാഷകള്‍ ഒറ്റയ്ക്ക്‌ വളരുകയും ചില അവസരങ്ങളില്‍ കൈമാറ്റങ്ങളിലൂടെയും വിനിമയങ്ങളിലൂടെയും സമ്പന്നമാവുകയും ചെയ്ത ചരിത്രം ഇന്ത്യയിലുണ്ട്‌. അങ്ങനെ വ്യത്യസ്ത വഴികളിലൂടെയാണ്‌ ഭാഷയുടെ പ്രതിഭയും മഹത്വവും വികസ്വരമായത്‌. ഇന്ത്യന്‍ ഭാഷകളുടെ വികാസത്തിന്റെ ചരിത്രപഠനവും താരതമ്യപഠനവും നടത്തേണ്ടതുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ഇന്ത്യന്‍ സാഹിത്യം എന്ന ഒന്നില്ലെന്നും ഭൂതകാലത്തിലെ പാശ്ചാത്യസാഹിത്യത്തിന്റെ ഒരനുകരണമാണ്‌ വര്‍ത്തമാനകാലത്തിലെ ഇന്ത്യന്‍ സാഹിത്യമെന്നും യൂറോപ്യന്മാര്‍ വലിയ പ്രചാരവേല നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി‌. ഇത്‌ വസ്തുതയ്ക്ക്‌ നിരക്കുന്നതല്ല. ഇംഗ്ലീഷ്‌ ഭാഷ എന്നു പറയുന്നതു തന്നെ ഒരു രാജ്യത്തെ മാത്രം ഭാഷയല്ല. വിവിധ രാജ്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. അതുകൊണ്ടുതന്നെ വിവിധ സംസ്ഥാനങ്ങളുടെ വ്യത്യസ്ത ഭാഷകള്‍ ചേരുന്ന ഇന്ത്യയില്‍ ഇന്ത്യന്‍ സാഹിത്യം എന്ന ഒന്നില്ല എന്നു പറയുന്നത്‌ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :