ഭാര്യയെ അടുപ്പ് കല്ലിന് ഇടിച്ചുകൊന്നു, അടുക്കളയില്‍ കത്തിക്കാനൊരുങ്ങവേ നാട്ടുകാര്‍ പിടികൂടി

കൊട്ടാരക്കര| WEBDUNIA|
PRO
പണം നല്‍കാതിരുന്നതിന് ഭാര്യയെ യുവാവ് കല്ലിന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം അടുക്കളയിലിട്ട് കത്തിക്കാന്‍ ശ്രമിക്കവേ യുവാവിനെ നാട്ടുകാര്‍ പിടികൂടി.

കൊട്ടാരക്കര മൈലം തെക്കേക്കര കുന്നത്ത് ഭാഗം പാലവിളവീട്ടില്‍ വിമല (26) ആണ് മരിച്ചത്. ഭർത്താവ് ശശി (33) കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലാണ്. ശശിയുടെ രണ്ടാംഭാര്യയാണ് വിമല.

ഇരുവരും തമ്മിലുണ്ടായ വഴക്ക് മൂത്തപ്പോള്‍ അടുപ്പ് കല്ല് ഇളക്കിയെടുത്ത് ശശി വിമലയുടെ തലയില്‍ അടിച്ചു വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്. സന്ധ്യയോടെ തൊട്ടടുത്തുളള ജ്യേഷ്ഠന്റെ വീട്ടിലെത്തിയ ശശി വിമല മറ്റൊരാളിനൊപ്പം ഒളിച്ചോടിപ്പോയെന്ന് പറഞ്ഞു.

സംശയം തോന്നിയ ജ്യേഷ്ഠന്‍ ശശിയുടെ വീട്ടിലെത്തി കതക് തുറന്ന് നോക്കിയപ്പോഴാണ് വിമലയുടെ മൃതദേഹം വിറക് കൊളളികളും ഓലയുംകൊണ്ട് മൂടിയിട്ട നിലയില്‍ കണ്ടത്. രാത്രിയില്‍ മൃതദേഹം കത്തിയ്ക്കാനായിരുന്നു ഉദ്ദേശ്യമെന്നാണ് സംശയിക്കുന്നത്.

രാജേന്ദ്രന്‍ ഉടന്‍ സമീപവാസികളെ വിളിച്ചുകൂട്ടി. ശശിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റോഡില്‍ വച്ച് പിടികൂടി കൊട്ടാരക്കര പൊലീസിന് കൈമാറുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :