തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (11:14 IST)
ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് എം എ വാഹിദ് എം എല്‍ എക്കെതിരെ പ്രതിപക്ഷ വനിത എംഎല്‍എ ഇ എസ് ബിജിമോള്‍ എം എല്‍ എ നല്കിയ പരാതി ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിക്കും. ബിജിമോളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
വനിത എം എല്‍ എമാര്‍ നല്‍കുന്ന പരാതി ഡി ജി പി സ്‍പീക്കര്‍ക്ക് കൈമാറാനാണ് സാധ്യത. അതേസമയം, വനിത എം എല്‍ എമാര്‍ ഇന്നു വൈകുന്നേരം മൂന്നുമണിക്ക് ഗവര്‍ണറെ കാണുന്നുണ്ട്. നിയമസഭയില്‍ തങ്ങള്‍ക്കെതിരെ ഉണ്ടായ അക്രമങ്ങളെക്കുറിച്ച് ഗവര്‍ണറെ ബോധ്യപ്പെടുത്താനാണ് വനിത എം എല്‍ എമാര്‍ ഗവര്‍ണറെ കാണുന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലായിരിക്കും ഗവര്‍ണറെ കാണാന്‍ പോകുക.
സ്‍ത്രീത്വത്തെ അപമാനിച്ച് അസഭ്യചുവയുള്ള വാക്കുകള്‍ ഉപയോഗിച്ചതിനാണ് എം എ വാഹിദിനെതിരെ ശ്രീകാര്യം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. ധനമന്ത്രി കെ എം മാണിയുടെ സാന്നിധ്യത്തിലായിരുന്നു, ബിജിമോള്‍ക്കെതിരെ വാഹിദ് കേസിനാസ്‍പദമായ പരാമര്‍ശം നടത്തിയത്.
അതേസമയം, വിവാദപരമാര്‍ശം നടത്തിയ അബുവിനെതിരെയും, സഭയില്‍ തടഞ്ഞുവച്ച ഷിബു ബേബി ജോണിനെതിരെയും കേസെടുക്കണമെന്ന ബിജിമോളുടെ പരാതി തള്ളിയിരുന്നു. ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രണ്ടു പേരെയും ഒഴിവാക്കിയത്.