എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ വീണ്ടും അഴിമതി ആരോപണം. കുട്ടനാട് പാക്കേജിലെ പോള വാരലില്‍ 15 കോടിയുടെ അഴിമതി നടന്നെന്നാണ് ആരോപണം. രാജു എബ്രഹാമാണ് നിയമസഭയില്‍ രേഖാമൂലം പരാതി ഉന്നയിച്ചത്. ബാബുവിന്റെ കൈകള്‍ ശുദ്ധമാണെങ്കില്‍ വിജിലന്‍സ് അന്വേഷണത്തെ നേരിടണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു.
എന്നാല്‍ കരാറിന് ടെന്‍ഡര്‍ വിളിച്ചത് തന്റെ കാലത്തല്ലെന്നാണ് ബാബുവിന്റെ വിശദീകരണം. മദ്യകമ്പനിക ളില്‍ നിന്ന് ബാബു 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ ബാബു എം പാലിശ്ശേരി എംഎല്‍എ രേഖാമൂലം ഉന്നയിച്ചിരുന്നു. ബജറ്റ് ചര്‍ച്ചക്കിടെയായിരുന്നു ആരോപണം. ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ ബാബു പ്രതികരിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ബാബു ആവശ്യപ്പെട്ടു.
വില നിശ്ചയിക്കാന്‍ മദ്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് തുക കൈപ്പറ്റിയതെന്നായിരുന്നു ആരോപണം. ദുബായില്‍ വെച്ചാണ് ഈ തുക കൈമാറിയത്. മദ്യവ്യവസായി വിജയ് മല്യ ഇടപാടിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ഷാഫി മേത്തറിന് തുക കൈമാറിയെന്നും ബാബു എം പാലിശ്ശേരി ആരോപിച്ചു. സര്‍ക്കാരിന് ഈയിനത്തില്‍ 40 കോടി രൂപ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.